സെൻസസ് പ്രവർത്തനങ്ങൾ 2025ഓടെ ആരംഭിച്ചേക്കും; പിന്നാലെ ലോക്സഭാ സീറ്റുകളുടെ ഡീലിമിറ്റേഷനുമെന്ന് റിപ്പോർട്ട്
ജനസംഖ്യാ സെൻസസ് പ്രവർത്തനങ്ങൾ 2025ഓടെ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. നാലുവർഷത്തെ കാലതാമസത്തിന് ശേഷമാണ് സെൻസസ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. 2025ൽ തുടക്കം കുറിക്കുന്ന സെൻസസ് പ്രവർത്തനം ഒരു വർഷം കൊണ്ട് പൂർത്തീകരിക്കുമെന്നാണ് ഉറവിടങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. സെൻസസ് പൂർത്തിയാകുന്നതിന് പിന്നാലെ ലോക്സഭാ സീറ്റുകളുടെ ഡീലിമിറ്റേഷൻ പ്രക്രിയ ആരംഭിക്കുമെന്നും 2028ഓടെ അവസാനിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇതുവരെയില്ലാത്ത മാറ്റങ്ങൾ സെൻസസ് പ്രക്രിയയിൽ ഉണ്ടായേക്കാമെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ജനറൽ എസ് സി, എസ് ടി വിഭാഗങ്ങളിലെ മുഴുവൻ ഉപവിഭാഗങ്ങളുടെ വിശദമായ കണക്കെടുപ്പും സെൻസസ് പ്രക്രിയയുടെ ഭാഗമായി നടക്കും. മതം, സാമൂഹിക ക്ലാസ്, ജനറൽ, പട്ടികജാതി, പട്ടികവർഗം തുടങ്ങിയ വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നേരത്തെ സെൻസസിൻ്റെ ഭാഗമായി ഡാറ്റ ശേഖരിച്ചിരുന്നത്.
2020 ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെ നടത്താൻ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യൻ സെൻസസിൻ്റെ ഭാഗമായി നാഷണൽ പോപ്പുലേഷൻ രജിസ്‌റ്റർ (NPR) അപ്‌ഡേറ്റ് ചെയ്യാനായിരുന്നു നേരത്തെ ഷെഡ്യൂൾ ചെയ്‌തിരുന്നു. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് ഇത് നിർത്തിവെയ്ക്കുകയായിരുന്നു. നിലവിൽ ജനസംഖ്യാ സെൻസസ് പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച പുതിയ ഷെഡ്യൂൾ സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സെൻസസ് നടപടികൾ വൈകുന്നതിന് പിന്നാലെ വിഷയത്തിൽ ഒരു തീരുമാനവും എടുക്കാത്തതിൻ്റെ പ്രതിപക്ഷം കേന്ദ്രസർക്കാരിനെതിരെ ശക്തമായ വിമർശനമാണ് ഉയർത്തുന്നത്. ഉചിതമായ സമയത്ത് സെൻസസ് നടപടികൾ ആരംഭിക്കുമെന്നും വിശദാംശങ്ങൾ തീരുമാനിച്ച് ശേഷം അത് എങ്ങനെ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രഖ്യാപിച്ചിരുന്നു. ഇത് സെൻസസ് പ്രക്രിയ വൈകാതെ നടപ്പിലാകുമെന്ന സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.
ജനസംഖ്യാപരവും സാമ്പത്തികവും സാമൂഹികവുമായ വിവരങ്ങൾ ശേഖരിക്കുന്നതിനും സമാഹരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനുമായാണ് ഓരോ 10 വർഷം കൂടുമ്പോഴും ഇന്ത്യയിലെ ജനസംഖ്യാ സെൻസസ് നടത്തുന്നത്. 2011ലാണ് രാജ്യത്ത് അവസാനമായി സെൻസസ് പ്രവർത്തനം നടന്നത്. ഇന്ത്യൻ സെൻസസ് ഡാറ്റ എല്ലാ വർഷവും അപ്‌ഡേറ്റ് ചെയ്യപ്പെടും. 2020നാണ് അവസാനമായി ഇത് നടപ്പിലാക്കിയത്. നടത്തുകയും ചെയ്തു.1872ൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ആദ്യത്തെ സെൻസസ് പ്രവർത്തനം ആരംഭിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറലിൻ്റെയും സെൻസസ് കമ്മീഷണറുടെയും ഓഫീസാണ് ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത്.