ഇടുക്കിയിലെ കർഷകരെ ദ്രോഹിക്കുന്നതിന് ഇടതുപക്ഷ സർക്കാർ വ്യാജ രേഖകൾ കെട്ടിച്ചമച്ച് സുപ്രീംകോടതിയിൽ സമർപ്പിച്ചതിന്റെ പ്രത്യാഘാതമാണ് കാർഡമം ഹിൽ റിസർവ് ഭൂമിക്ക് പട്ടയം നൽകരുതെന്ന് സുപ്രീംകോടതി സർക്കാരിനോട് നിർദ്ദേശിക്കാനിടയായതെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ആരോപിച്ചു
ഇടുക്കിയിലെ കർഷകരെ ദ്രോഹിക്കുന്നതിന് ഇടതുപക്ഷ സർക്കാർ വ്യാജ രേഖകൾ കെട്ടിച്ചമച്ച് സുപ്രീംകോടതിയിൽ സമർപ്പിച്ചതിന്റെ പ്രത്യാഘാതമാണ് കാർഡമം ഹിൽ റിസർവ് ഭൂമിക്ക് പട്ടയം നൽകരുതെന്ന് സുപ്രീംകോടതി സർക്കാരിനോട് നിർദ്ദേശിക്കാനിടയായതെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ആരോപിച്ചു.
സി എച്ച് ആർ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനും മരങ്ങളുടെ സംരക്ഷണച്ചുമതല വനംവകുപ്പിനും എന്നതായിരുന്നു എക്കാലത്തെയും സർക്കാർ നിലപാട്.
2006-2011 കാലയളവിലെ ഇടതു സർക്കാരും 2011 -2016 കാലയളവിലെ യുഡിഎഫ് സർക്കാരും സി എച്ച് ആറിനെ റവന്യൂഭൂമി എന്നാണ് വനംവകുപ്പിന്റെ വാർഷിക റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിട്ടുള്ളത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2018 സെപ്റ്റംബർ ആറിന് പുറത്തിറക്കിയ വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ 2016-17 വർഷത്തെ വാർഷിക റിപ്പോർട്ടിലാണ് സി എച്ച് ആർ ഭൂമി വനഭൂമിയാണെന്ന് രേഖപ്പെടുത്തി ആദ്യമായി സർക്കാർ രേഖ പുറത്തിറക്കിയത്.
വനം വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ ഹാജരാക്കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് വിധി ഉണ്ടായിരിക്കുന്നത്. കോടതിയിൽ നിന്നും കർഷക ദ്രോഹ വിധി ഉണ്ടാകുന്നതിന് വ്യാജ രേഖകൾ കെട്ടിച്ചമച്ച് കോടതിയിൽ ഹാജരാക്കിയ പിണറായി സർക്കാർ ജനങ്ങളോട് മാപ്പ് പറയുവാൻ തയ്യാറാകണം.
സർക്കാർ അഭിഭാഷകർ കപട പരിസ്ഥിതിക്കാർക്ക് ഒത്താശചെയ്ത് കർഷകരെ ദോഷകരമായി ബാധിക്കുന്ന ഉത്തരവുകൾ സമ്പാദിച്ച് കൃഷിക്കാർക്ക് ഒരുതരത്തിലും ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നത് ഇടതുപക്ഷത്തിന് വിനോദമായി മാറിയിരിക്കുകയാണ്. യഥാർത്ഥ വസ്തുതകൾ കോടതിയെ ബോധിപ്പിച്ച് സി എച്ച് ആർ ഭൂമി റവന്യൂ ഭൂമിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.