പരസ്യമായി പ്രതികരിച്ചത് അഴിമതിക്കെതിരായ സന്ദേശമെന്ന നിലയിൽ; പരാതി കിട്ടിയാൽ മിണ്ടാതിരിക്കണോ? കോടതിയിൽ ആരോപണം ആവർത്തിച്ച് പിപി ദിവ്യ


എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം കേൾക്കുന്നു. കെ വിശ്വനാണ് പിപി ദിവ്യക്ക് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ. യാത്രയയപ്പ് യോഗത്തിൽ നടത്തിയത് നല്ല ഉദ്ദേശത്തോട് കൂടിയ പരാമർശമെന്ന് ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.അഴിമതി കാണുമ്പോൾ ഇടപെടേണ്ടത് ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണ്, അഴിമതിക്കെതിരെയുള്ള സന്ദേശമാണെന്ന് കരുതിയാണ് പരസ്യമായി യോഗത്തിൽ പ്രതികരിച്ചതെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയതെന്നുമാണ് പിപി ദിവ്യ കോടതിയിൽ ഉയർത്തുന്ന വാദങ്ങൾ.
ആരെങ്കിലും പരാതി നൽകിയാൽ, അത് ബോധ്യപ്പെട്ടാൽ മിണ്ടാതിരിക്കണോ? എ ഡി എമ്മിനെതിരെ രണ്ട് പരാതികൾ ലഭിച്ചിരുന്നു. പ്രശാന്തന് മുമ്പ് ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് എഡിമ്മിനെതിരെ ഗംഗാധരനും പരാതി നൽകിയിരുന്നു. പ്രശാന്തൻ എഡിഎമ്മിന് കൈക്കൂലി നൽകി എന്ന് പറഞ്ഞു, അത് ബോധ്യപ്പെട്ടപ്പോൾ മിണ്ടാതിരിക്കാൻ പറ്റില്ലലോ? ആരോപണം ഉയർന്ന ഘട്ടത്തിൽ തന്നെ ധാർമികതയുടെ പേരിൽ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചുവെന്നും പിപി ദിവ്യ ജാമ്യാപേക്ഷയിൽ പറയുന്നു.
വിവാദമായത് കണ്ണൂർ ജില്ലാ കലക്ടർ പങ്കെടുത്ത ഔദ്യോഗിക പരിപാടിയാണ്. കലക്ടർ ക്ഷണിച്ചിട്ടാണ് യോഗത്തിൽ വന്നിരുന്നത് എന്നാൽ അത് ഔദ്യോഗിക ക്ഷണം ആയിരുന്നില്ല, മറ്റൊരു പരിപാടിയിൽ വെച്ചായിരുന്നു കലക്ടർ ക്ഷണിച്ചത്. പരിപാടിയിൽ സംസാരിക്കാൻ ഡെപ്യൂട്ടി കലക്ടറാണ് വിളിച്ചത്.
അഴിമതി കണ്ടപ്പോൾ നടത്തിയ പരാമർശം എങ്ങനെയാണ് ആത്മഹത്യക്ക് പ്രേരണയാവുക ? എഡിഎമ്മിന്റെ പ്രവർത്തനത്തിൽ മാറ്റം വരുത്തണമെന്ന് യോഗത്തിൽ പിപി ദിവ്യ അഭ്യർത്ഥിക്കുകയാണ് ചെയ്തത്. ഒരു ഫയൽ എന്നാൽ മനുഷ്യന്റെ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണവും കോടതിയിൽ ദിവ്യയുടെ അഭിഭാഷകൻ കെ വിശ്വൻ പരാമർശിച്ചു.