‘അമ്മയും WCC യും തമ്മിൽ നടക്കുന്ന തർക്കത്തിന്റെ ഇര; ശരിയായ അന്വേഷണം നടത്തിയില്ല’; സിദ്ദിഖ് സുപ്രിംകോടതിയിൽ
താര സംഘനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിൽ നടക്കുന്ന തർക്കത്തിന്റെ ഇരയാണ് താൻ എന്ന് സിദ്ദിഖ് സുപ്രീം കോടതിയിൽ. സിദ്ദിഖ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മുൻകൂർ ജാമ്യാപേക്ഷയിൽ ആണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. ശരിയായ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസിൽ പ്രതിയാക്കിയത് എന്ന് സിദ്ദിഖ്.
സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് കൈമാറി. ഇന്നലെ വൈകിട്ടാണ് മുൻകൂർ ജാമ്യാപേക്ഷ സിദ്ദിഖ് സമർപ്പിച്ചത്. അതിജീവിത പരാതി നൽകാൻ വൈകിയതും സിദിഖിനെതിരെ മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും, ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ വൈകിട്ട് സുപ്രീംകോടതി രജിസ്ട്രിക്ക് കത്തുനൽകിയിരുന്നു.
മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ മുകുൾ റോഹ്തകി സിദിഖിനായി സുപ്രീംകോടതിയിൽ ഹാജരാകും. മുൻകൂർ ജാമ്യാപേക്ഷക്ക് എതിരെ അതിജീവിതയും സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ തടസഹർജി നൽകി. സംസ്ഥാനത്തിനായി മുൻ സോളിസിറ്റർ ജനറലും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ രഞ്ജിത്ത് കുമാർ ഹാജരാകും.