കുത്തകപാട്ട ഭൂമിയിൽ ഏലം കൃഷിചെയുന്ന കർഷകർക്ക് സ്‌പൈസസ്ബോർഡിൽ നിന്നുള്ള ധനസഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം… കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയലിന് അഡ്വ.ഡീൻ കുര്യാക്കോസ് എം.പി കത്ത് നൽകി
ഏലം കുത്തകപാട്ട ഭൂമിയിലെ കൃഷിക്കാർക്ക് സ്‌പൈസസ്സ് ബോർഡിൽ നിന്നുള്ള ധനസഹായം ഇപ്പോൾ ലഭിക്കുന്നില്ല. ഇവർക്ക് മുൻപ് ധനസഹായം ലഭിച്ചിരുന്നു. വരൾച്ചയിൽ കൃഷിനാശം വന്ന കർഷകർക്ക് പുനർകൃഷിക്ക് ധന സഹായത്തിനുള്ള അപേക്ഷ സ്‌പൈസസ്സ് ബോർഡ് സ്വീകരിക്കുന്നുണ്ട്. എന്നാൽ കുത്തകപാട്ട ഭൂമിയിലെ കൃഷിക്കാരിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നില്ല. ആയിരകണക്കിന് കർഷകർ കുത്തക പാട്ട ഭൂമിയിൽ ഏലം കൃഷി ചെയ്യുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും റെവന്യൂ വകുപ്പ് അനുവദിക്കുന്ന കാർഡമം രജിസ്ട്രേഷൻ ഉള്ളവരാണ്. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ഏലത്തിന്റെ എഴുപത് ശതമാനവും ഇടുക്കിയിൽ നിന്നാണ്. ധനസഹായം ലഭിക്കാത്തത് കർഷകർക്ക് ഏലം കൃഷി തുടരുന്നതിന് വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ കാർഡമം രെജിസ്ട്രേഷനുള്ള കുത്തകപാട്ട ഭൂമിയിൽ ഏലം കൃഷിചെയുന്ന കർഷകർക്ക് സ്‌പൈസസ് ബോർഡിൽ നിന്നുള്ള ധനസഹായം ലഭ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എം.പി കത്തിൽ ആവശ്യപ്പെട്ടു.