പച്ചക്കറിയിൽ കൈപൊള്ളില്ല; സദ്യവട്ടം ഒരുക്കാം കുറഞ്ഞ ചിലവിൽ, വില മുൻവർഷത്തേക്കാൾ കുറവ്


ഓണക്കാലത്ത് പച്ചക്കറി വിലക്കയറ്റം പതിവ് വാർത്തയാണെങ്കിലും ഇക്കുറി അതൊന്ന് മയപ്പെട്ടിട്ടുണ്ട്. സർക്കാർ ഏജൻസികളുടെ വിപണിയിലെ ഇടപെടലുകളും കാര്യക്ഷമമായതോടെ ഓണക്കാലത്ത് പച്ചക്കറിവില പൊള്ളുന്നുവെന്ന പതിവ് പല്ലവി ഇല്ല. അയൽനാടുകളിൽ നിന്ന് പച്ചക്കറികൾ എത്തുന്നതിനോടൊപ്പം തന്നെ ഓണക്കാലം ലക്ഷ്യമിട്ട് നാട്ടിൽ വ്യാപകമായി നടത്തിയ കൃഷിയിൽ മികച്ച വിളവെടുപ്പുണ്ടായതാണ് വിലക്കയറ്റത്തിന് തടയിട്ടത്.
ഹോർട്ടികോർപ്പിന്റെ പച്ചക്കറിചന്തക്കളിൽ പൊതുവിപണിയെക്കാൾ വിലക്കുറവിൽ പച്ചക്കറികൾ ലഭ്യമാക്കുന്നുണ്ട്. ജില്ലയിൽ പതിനഞ്ചോളം ഹോട്ടികോർപ് ചന്തകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തിന് പുറത്തുള്ള പച്ചക്കറി വിപണികളെവെച്ച് നോക്കിയാൽ ഓണം അടുത്തെങ്കിലും തമിഴ്നാട്ടിലെ വിപണിയിൽ ഇത്തവണ വില കുതിച്ചുയർന്നിട്ടില്ല. മുൻവർഷത്തെ അപേക്ഷിച്ച് കേരളത്തിലെ ക്കുള്ള പച്ചക്കറിയുടെ കയറ്റുമതി കുറവാണെന്ന് വ്യാപാരികൾ പറയുന്നു. മധ്യ കേരളത്തിൽ ഏറ്റവും കൂടുതൽ എത്തുന്നത് തമിഴ്നാട് തേനി ജില്ലയിൽ നിന്നുള്ള പച്ചക്കറികളാണ്.
തേവാരം, ചിന്നമന്നൂര്‍,കമ്പം, തേനി, ശീലയംപെട്ടി, വത്തലഗുണ്ട്, ഗൂഡല്ലൂര്‍ തുടങ്ങിയ തെക്കന്‍ തമിഴ്നാട്ടിലെ പച്ചക്കറി തോട്ടങ്ങളുടെ പ്രധാന വിപണി കേരളമാണ്. ഓണം മുന്നില്‍ കണ്ടാണ് പലപ്പോഴും കൃഷികള്‍ ക്രമീകരിക്കുന്നതും. എന്നാൽ ഓണത്തിൻറെ തിരക്ക് മാർക്കറ്റുകളിൽ അനുഭവപ്പെടുന്നില്ല എന്നാണ് ചിന്നമന്നൂർ മാർക്കറ്റിലെ വ്യാപാരികൾ പറയുന്നത്.
ബീൻസ് 30, വെള്ളരി 10, മുളക് 28, തക്കാളി 10, വെണ്ടക്ക 29, മുരിങ്ങക്ക 20, അമര പയർ 13, ബീറ്റ്റൂട്ട് 12, ക്യാബേജ് 12, അച്ചിങ്ങ 40 എന്നിങ്ങനെയാണ് ഒരേ കിലോക്ക് നിരക്ക് ഇപ്പോഴത്തെ നിരക്ക്. കഴിഞ്ഞവർഷം ഇതേസമയം ഇരട്ടിയിൽ അധികം വിലയായിരുന്നു. വിവിധ സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെ തമിഴ്‍നാട്ടിലെ വിപണിയിലെത്തി നേരിട്ട് ലേലത്തില്‍ പങ്കെടുക്കുന്നത് പതിവാണ്.എന്നാൽ നാളെയും മറ്റന്നാളുമായി തമിഴ്നാട്ടിലെ പച്ചക്കറിക്ക് ആവശ്യക്കാർ കൂടുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. ഇതോടെ വിലയും കുതിച്ചുയർന്നേക്കും.
കേരളത്തിലെ പച്ചക്കറി വിപണിയിൽ ചുരുക്കം ചില ഇനങ്ങൾക്ക് മാത്രമാണ് അൽപ്പം വില കൂടുതൽ. കാരറ്റിന് 120, ചെറുനാരങ്ങയ്ക്ക് 140,മധുരക്കിഴങ്ങിന് 100 എന്നീ ഇനങ്ങളാണ് അക്കൂട്ടത്തിലുള്ളത്. ഓണക്കാലത്ത് സാധാരണ തൊട്ടാൽ പൊള്ളുന്ന തക്കാളി നാടനും വരവിനും 40 രൂപയാണ്. കാബേജ്, മുരിങ്ങയ്ക്ക, സവാള, ഉരുളകിഴങ്ങ് എന്നിവ കിലോ 50 രൂപയും.