ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം അന്വേഷണ സംഘത്തിന് കൈമാറി


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം അന്വേഷണ സംഘത്തിന് കൈമാറി. പ്രത്യേക സംഘത്തിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ് കൈമാറിയത്. പ്രത്യേക സംഘത്തിന്റെ യോഗം ക്രൈംബ്രാഞ്ച് എഡിജിപി ഇന്ന് വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി.
റിപ്പോര്‍ട്ട് ഉടന്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.
ഇന്ന് രാവിലെ പത്തരയ്ക്കാണ് പൊലീസ് ആസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘം യോഗം ചേരുക. പരാതി നല്‍കിയവരെയെല്ലാം എസ്‌ഐടി നേരില്‍ കാണും. രണ്ടാഴ്ച്ചക്കുള്ളില്‍ പ്രത്യേക സംഘം സര്‍ക്കാരിന് ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് കനത്ത പ്രഹരമാണ് കഴിഞ്ഞ ദിവസം നേരിട്ടത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്ത് നടപടിയാണ് എടുത്തതെന്നും കഴിഞ്ഞ നാല് വര്‍ഷം എന്തു ചെയ്യുകയായിരുന്നുവെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. പ്രത്യേക ബെഞ്ചിന്റെ സിറ്റിംഗ് ഒക്ടോബര്‍ മൂന്നിനായിരിക്കും.