പോലീസുദ്യോഗസ്ഥരെ രക്ഷിക്കാൻജില്ലാ പോലീസ് മേധാവിവസ്തുതകൾ മറച്ചുവച്ചതായിമനുഷ്യാവകാശ കമ്മീഷൻ
ഇടുക്കി രോഗിയും 18 കാരനുമായ വിദ്യാർത്ഥിയോട് കട്ടപ്പന എസ്.ഐ യും പോലീസുകാരും കാണിച്ച ക്രൂരതയുടെ യഥാർത്ഥ വസ്തുതകൾ കമ്മീഷനിൽ നിന്നും മറച്ചുവയ്ക്കാൻ ഇടുക്കി ജില്ലാ പോലീസ് മേധാവിയും കട്ടപ്പന ഡി.വൈ.എസ്. പിയും ശ്രമിച്ചത് ഗൗരവമായി കാണുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. അടുത്ത മാസം തൊടുപുഴയിൽ നടക്കുന്ന സിറ്റിംഗിൽ ഇടുക്കി ജില്ലാ പോലീസ് മേധാവിയും കട്ടപ്പന ഡി.വൈ.എസ്.പിയും നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ ഇടക്കാല ഉത്തരവിൽ പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിൽ 25 ന് കൂട്ടാർ സ്വദേശി ആസിഫ് എന്ന വിദ്യാർത്ഥിയെ മർദ്ദിച്ച കട്ടപ്പന എസ്.ഐയെയും സി.പി. ഒയെയും സസ്പെന്റ് ചെയ്തിരുന്നു.
ഇടുക്കി ജില്ലാ പോലീസ് മേധാവി ( ഡി.പി. സി ) 2024 മേയ് 3 ന് എറണാകുളം ഡി ഐ ജിക്ക് നൽകിയ റിപ്പോർട്ടിൽ എസ്.ഐക്കും സി പി ഒക്കും എതിരെ ഗുരുതര കൃത്യവിലോപവും വീഴ്ചയും കണ്ടെത്തിയിരുന്നു. ഇവർ വ്യാജ കേസുണ്ടാക്കിയെന്നും വിദ്യാർഥിയെ മർദ്ദിച്ചെന്നും രേഖപ്പെടുത്തിയിരുന്നു.എന്നാൽ ഇതേ ഉദ്യോഗസ്ഥൻ ജൂലൈ 2 ന് കമ്മീഷന് നൽകിയ റിപ്പോർട്ടിൽ ഇത്തരം വിലപ്പെട്ട വിവരങ്ങളെല്ലാം ഒഴിവാക്കി. പ്രധാനപ്പെട്ട വിവരങ്ങൾ കമ്മീഷനിൽ നിന്നും മറച്ചുവച്ചതിന്റെ കാരണം ഡി. പി സി യും ഡി വൈ എസ് പിയും വിശദീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കട്ടപ്പന ഡി.വൈ.എസ് .പി ജൂൺ 18 ന് ഇടുക്കി ഡി.പി.സി.ക്ക് നൽകിയ റിപ്പോർട്ടിൽ ഇരയായ ആസിഫിന്റെ മൊഴി എടുക്കാത്ത സാഹചര്യത്തിൽ ഇരയുടെ മൊഴി അഭിഭാഷന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. അഭിഭാഷകനെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി നിർദ്ദേശിക്കണം. ഇടുക്കി ഡി..പി സി യുടെ ഓഫീസിൽ വച്ച് ആസിഫിന്റെ മൊഴി അഭിഭാഷകന്റെ സാന്നിധ്യത്തിൽ കട്ടപ്പന ഡി.വൈ.എസ്.പി രേഖപ്പെടുത്തണം. മൊഴിയുടെ എല്ലാ പേജിലും ഇരയും അഭിഭാഷകനും ഒപ്പിടണം. ആസിഫിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി ഇതിനൊപ്പം ഡി. വൈ.എസ്.പി. കമ്മീഷനിൽ ഹാജരാക്കണം.പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനുള്ള കാരണവും ഡി. പി . സി. കമ്മീഷനെ അറിയിക്കണം. ആസിഫിന്റെ ബൈക്ക് കൂട്ടുകാരൻ ഓടിക്കവേ കട്ടപ്പന എസ്.ഐ. കസ്റ്റഡിയിലെടുത്തിരുന്നു. ബൈക്ക് വിട്ടുകിട്ടാൻ ആസിഫ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു. ഇതാണ് എസ് ഐക്ക് വൈരാഗ്യമുണ്ടാകാൻ കാരണമെന്ന് ആസിഫ് കമ്മീഷനെ അറിയിച്ചു. ഏപ്രിൽ 25 ന് വാഹന പരിശോധനക്കിടയിൽ എസ്.ഐ, ആസിഫിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച് മർദ്ദിച്ചതായി ആസിഫിന്റെ ബന്ധു കൂട്ടാർ സ്വദേശി സക്കീർ ഹുസൈൻ കമ്മീഷനിൽ സമർപ്പിച്ച പരാതിയിൽ പറഞ്ഞു. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും കമ്മീഷനെ അറിയിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.എസ്.ഐ, എൻ. ജെ. സുനേഖ്, എ.ആർ. സി പി ഒ , മനു. പി. ജോസ് എന്നിവർക്കെതിരെയാണ് കേസ്.