ഓണക്കിറ്റിൽ ഏലയ്ക്ക; ഏലം വിപണിയിൽ നേരിയ ഉണർവ്
ഓണക്കിറ്റിൽ ഏലയ്ക്കകൂടി ഉൾപ്പെടുത്താനുള്ള സർക്കാരിന്റെ തീരുമാനത്തെത്തുടർന്ന് ഏലം വിപണിയിൽ നേരിയ ഉണർവ്. കഴിഞ്ഞ രണ്ടാഴ്ചയായി കട്ടപ്പന കമ്പോളത്തിൽ ശരാശരി 900-1000 രൂപയായിരുന്ന ഏലയ്ക്കവില ഉയർന്ന് 1200-ലെത്തി.
തിങ്കളാഴ്ച സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനി നടത്തിയ ഇ-ലേലത്തിലും 1221 രൂപ ശരാശരി വില ലഭിച്ചു. ഉയർന്ന വിലയായി 1620 രൂപയും ലഭിച്ചു. ഇത്തവണ 88 ലക്ഷംപേർക്കുള്ള കിറ്റിൽ 20 ഗ്രാം ഏലയ്ക്കയുംകൂടി ഉണ്ടാകുമെന്ന് സർക്കാർ തീരുമാനമെടുത്തിരുന്നു. ഇതിനായി രണ്ടേകാൽ ലക്ഷം കിലോ ഏലയ്ക്കയാണ് ഹൈറേഞ്ചിലെ കർഷകരിൽനിന്ന് ശേഖരിക്കുക. ഇടുക്കി ജില്ലാ പഞ്ചായത്താണ് ഏലയ്ക്കകൂടി കിറ്റിൽ ഉൾപ്പെടുത്തണമെന്ന നിർദേശം സർക്കാരിനുമുന്നിൽ വെച്ചത്. കിറ്റിൽ ഉൾപ്പെടുത്താനുള്ള ഏലയ്ക്ക കർഷകസംഘങ്ങളിൽനിന്ന് ശേഖരിക്കാനുള്ള ചുമതലയും ജില്ലാ പഞ്ചായത്തിനാണ്.
വിപണി തിരിച്ചുകയറുമെന്ന പ്രതീക്ഷയിൽ കർഷകർ
ഓഗസ്റ്റ് മൂന്നിനാണ് ഏലത്തിന് റെക്കോഡ് വില ലഭിക്കുന്നത്. അന്ന് പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന ഇ-ലേലത്തിൽ കിലോയ്ക്ക് 7000 രൂപ ലഭിച്ചു. 209 ലോട്ടുകളായി ഹേഡർ സിസ്റ്റം ഇന്ത്യ നടത്തിയ ലേലത്തിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ വില ലഭിച്ചത്. കട്ടപ്പന, അണക്കര കമ്പോളങ്ങളിലും 6000 രൂപയോളം വില ലഭിച്ചിരുന്നു. എന്നാൽ, പിന്നീട് വില കുത്തനെ ഇടിയുന്ന കാഴ്ചയാണ് കണ്ടത്.
ഡിസംബറിൽ നടന്ന ഇ-ലേലത്തിൽ 1926 രൂപ ശരാശരി വില ലഭിച്ചെങ്കിലും പിന്നീട് വിലയുയർന്നില്ല. കോവിഡ് ഭീതിയിൽ അഭ്യന്തരവിപണി നഷ്ടമായതും ഏലം വ്യാപാരമേഖലയ്ക്ക് തിരിച്ചടിയായി. കൂടാതെ, റംസാൻമാസം ലക്ഷ്യമിട്ട് വിദേശവിപണിയിലേക്കുള്ള സംഭരണവും അവസാനിച്ചു. ഇതോടെ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ ഏലയ്ക്ക കെട്ടിക്കിടക്കുന്ന അവസ്ഥ വന്നു. സർക്കാർ ഏലക്കാ സംഭരിക്കാൻ തുടങ്ങിയതോടെ വിപണിയിൽ കെട്ടിക്കിടക്കുന്ന കായ് വിറ്റുപോകാൻ തുടങ്ങിയിട്ടുണ്ട്. സർക്കാർനീക്കം ഏലം വിപണിയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ സഹായമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.