കാട്ടുകൊമ്പൻ പടയപ്പയും ഒറ്റക്കൊമ്പനും ഏറ്റുമുട്ടി ; പടയപ്പയ്ക്ക് പരുക്ക്
മൂന്നാറിൽ കാട്ടു കൊമ്പൻ പടയപ്പയും ഒറ്റക്കൊമ്പനും തമ്മിൽ ഏറ്റുമുട്ടി. ആനകൾ തമ്മിലുള്ള കൊമ്പു കോർക്കലിനെ തുടർന്ന് ഒരു ആന ചരിഞ്ഞതിന് പിന്നാലെ മറ്റു രണ്ടു കൊമ്പൻമാരായ പടയപ്പയും ഒറ്റക്കൊമ്പനും ഏറ്റുമുട്ടിയത്.
നയമക്കാട് എസ്റ്റേറ്റ് ഡിവിഷന് സമീപമായിരുന്നു കൊമ്പ് കോർക്കൽ. കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ പടയപ്പയുടെ മുതുകിന് പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇത് കാര്യമായ മുറിവല്ലെന്നും നിരീക്ഷണം തുടരുകയാണെന്നും വനംവകുപ്പ് റേഞ്ച് ഓഫീസർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ചിന്നക്കനാലിൽ ചക്കക്കൊമ്പനും മുറിവാലനും തമ്മിൽ കൊമ്പ് കോർക്കുകയും മുറിവാലൻ ചരിയുകയും ചെയ്തത്. എന്നാൽ പിന്നീട് പോസ്റ്റുമോർട്ടം നടത്തിയപ്പോൾ മുറിവാലന്റെ ശരീരത്തിൽ നിന്നും പെല്ലറ്റുകൾ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ചുള്ള പരിശോധനകളും നടന്നുവരികയാണ്.
നിലവിൽ ഇരു ആനകളും 300 മീറ്റർ അകലത്തിൽ തന്നെ തമ്പടിച്ചിരിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ച് ആനകളെ രണ്ടു വഴിക്ക് ആക്കാൻ ശ്രമിച്ചെങ്കിലും ആനകൾ ഒരുപാട് ദൂരത്തേക്ക് മാറിയിട്ടില്ല. ആനകളെ കൃത്യമായി നിരീക്ഷിച്ചു വരുന്നതിന് പ്രത്യേക സംഘത്തെയും വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്.