വണ്ടിപ്പെരിയാർ പശുമല എസ്റ്റേറ്റിൽ പതിനൊന്നു വയസുകാരൻ മരിച്ചു.
താഴെ വീണ് ഇടത് കാലിനേറ്റ പരിക്കിനെ തുടർന്ന് ചികിത്സ തേടി തേനി മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു
വണ്ടിപ്പെരിയാർ ഗവൺമെന്റ് യുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയും പശുമല എസ്റ്റേറ്റിലെ താമസക്കാരനായ 11 വയസ്സുള്ള സൂര്യയാണ് മരണപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച്ച സ്കൂളിൽ കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് താഴെ വീഴുകയും ഇടത് കാലിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. വീണത് വലിയ കാര്യമാക്കാതെ ഇരുന്നതിനാൽ ഇക്കാര്യം സ്കൂൾ അധ്യാപകരോടും വീട്ടുകാരോടും പറഞ്ഞില്ല.
പിന്നീട് വീട്ടിലെത്തി രണ്ടുദിവസത്തിനുശേഷം കാലിന് നീര് വെക്കുകയും, വണ്ടിപെരിയറിലെ തന്നെ നാട്ടു വൈദ്യന്റെ പക്കൽ ചെന്ന് കാല് തിരുമിക്കുകയും ചെയ്തു. ഇതിനുശേഷം
വീണ്ടും ഇന്നലെ രാത്രിയിൽ കാലിനും കൈക്കും ശരീരമാസകലം നീര് വെക്കുകയും ചെയ്തു
. തുടർന്ന് ഇന്ന് രാവിലെ ആശുപത്രിയിൽ എക്സറേ എടുത്ത് നോക്കുന്നതിനു വേണ്ടി സൂര്യയുടെ സഹോദരി ഐശ്വര്യയും സഹോദരി ഭർത്താവ് രതീഷും ചേർന്ന് കൊണ്ടുവന്നു. ഈ സമയം വണ്ടിപ്പെരിയാർ ബസ്റ്റാൻഡിൽ വച്ച് ദേഹാസ്വസ്ഥത അനുഭവപ്പെട്ട് തളർന്ന് വീണ സൂര്യയെ വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്ക് തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നാളെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഇതേസമയം കാലിനുണ്ടായ പരിക്കിൽ ഒടിവ് സംഭവിച്ചിട്ടുണ്ടാവാം ഉള്ളിൽ നിന്നും പഴുപ്പുണ്ടാവുകയും ശരീരത്തെ മൊത്തം ഇത് ബാധിക്കുകയും ചെയ്തിട്ടുണ്ടാകാം ഇതിനുശേഷമാണ് മരണം സംഭവിച്ചിരിക്കാം എന്നും ഡോക്ടർമാർ പറയുന്നു.
എന്നാൽ മരണത്തിന് മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ വ്യക്തമാവുകയുള്ളൂ. സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് അന്വേഷണം ആരംഭിച്ചു. സൂര്യയുടെ പിതാവ് അയ്യപ്പൻ, മാതാവ് സീതയും മുൻപ് തന്നെ അസുഖം ബാധിച്ചതിനെ തുടർന്ന് മരണപ്പെട്ടിരുന്നു. ഇതിനുശേഷം സഹോദരിയുടെയും സഹോദരി ഭർത്താവിനും ഒപ്പമാണ് സൂര്യ താമസിച്ചു വന്നിരുന്നത്.