‘ആരോപണ വിധേയരെ സിനിമ കോൺക്ലേവിൽ നിന്ന് മാറ്റിനിർത്തണം’; രഞ്ജിത്തിനെതിരെ കേസെടുത്ത നടപടിയെ സ്വാഗതം ചെയ്ത് കെ.സച്ചിദാനന്ദൻ
ആരോപണ വിധേയരെ സിനിമ കോൺക്ലേവിൽ നിന്ന് മാറ്റിനിർത്തണമെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ. ആരോപണ വിധേയർ പങ്കെടുക്കുന്നത് കോൺക്ലേവിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സ്വതന്ത്രമായി പരാതിപ്പെടാൻ കഴിയുന്ന സംവിധാനം ഉണ്ടാക്കണമെന്നും രഞ്ജിത്തിനെതിരെ കേസെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നുവന്നു അദ്ദേഹം പ്രതികരിച്ചു. പരാതിയുണ്ടെങ്കിൽ എത്ര ഉന്നതനായാലും കേസെടുക്കണം. സിനിമ സംഘടനകളിൽ വനിതകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം പശ്ചിമ ബംഗാൾ നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ എടുത്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ് പി ജി പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. സംവിധായകൻ വി കെ പ്രകാശിനെതിരെ യുവ എഴുത്തുകാരി ഡിജിപിക്ക് നൽകിയ പരാതിയും പ്രേത്യേക സംഘത്തിന് കൈമാറും.
ഇതിനിടെ സംവിധായകൻ രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആറിലെ വിശദാംശങ്ങൾ പുറത്തുവന്നു. സിനിമയ്ക്ക് എന്ന പേരിൽ കതൃക്കടവ് റോഡിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി. പരാതിക്കാരിയുടെ ശരീരത്തിൽ ദുരുദ്ദേശപരമായി രഞ്ജിത്ത് തൊട്ടുവെന്നാണ് എഫ്ഐആർ.
അനുമതിയില്ലാതെയാണ് രഞ്ജിത്ത് പരാതിക്കാരിയുടെ ശരീരത്തിൽ സ്പർശിച്ചത്. കതൃക്കടവിലെ ഡിഡി ഫ്ലാറ്റിൽ വച്ചാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സംവിധായകനെതിരെ കേസെടുത്തത്. എറണാകുളം നോർത്ത് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ലൈംഗിക താത്പര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതിയിൽ പറയുന്നു.
ദുരനുഭവം വിവരിച്ചായിരുന്നു നടിയുടെ പരാതി. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടിയുടെ ആരോപണം.പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലേക്കെത്തുന്ന ആദ്യ കേസ് ആണ് രഞ്ജിത്തിനെതിരെയുള്ളത്.