കുട്ടികളെ മുന്നോട്ട് നയിക്കാൻ യുവജനതയ്ക്ക് സാധിക്കും : ജില്ലാ കളക്ടർ
ശരിയായ വഴിയിൽ കുട്ടികളെ മുന്നോട്ട് നയിക്കാൻ യുവജനതയ്ക്ക് വേഗത്തിൽ സാധിക്കുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു. പട്ടിക വർഗ വികസന വകുപ്പ്, സാമൂഹിക സന്നദ്ധസേന, കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ത്രൈവ്” പരിശീലന പരിപാടി പൊലിയം തുരുത്ത് ഇക്കോ വില്ലേജിൽ ഉദഘാടനം ചെയ്യുകയായിരുന്നു കളക്ടർ. വിഷയങ്ങളെ വിവിധ കോണുകളിലൂടെ നോക്കിക്കാണുന്നതിന് ശ്രമിക്കണം. സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ കഴിവുള്ളവരാണ് പുതിയ തലമുറയിലെ കുട്ടികൾ എന്നും ജില്ലാ കളക്ടർ പറഞ്ഞു.
സബ് കളക്ടർ ഡോ അരുൺ എസ് നായർ പരിശീലന പരിപാടിയിൽ ക്ലാസ്സെടുത്തു.
സംസ്ഥാനത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികളിൽ ക്രിയാത്മകത വളർത്തുന്നതിനായി ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതിയാണ് ത്രൈവ് ( ട്രൈബൽ ഹയർ എഡ്യൂക്കേഷൻ ആൻഡ് ഇന്ററാക്ടീവ് വെഞ്ച്വഴേസ് ഫോർ എക്സലൻസ്). ജില്ലയിലെ തിരഞ്ഞെടുത്ത പ്രൊഫെഷണൽ കോളേജുകളിൽ നിന്നുള്ള വിദ്യാർഥികൾ അവധി ദിവസങ്ങളിൽ പൈനാവ്, മൂന്നാർ എംആർഎസ് സ്കൂളുകളിലെ കുട്ടികൾക്ക് സിലബസിന് പുറത്തുള്ള വിഷയങ്ങളെ പരിചയപ്പെടുത്തുന്നതാണ് പദ്ധതി. ഇവർക്കുള്ള പരിശീലന പരിപാടിയാണ് നടന്നത്.
ഇടുക്കി സർക്കാർ എഞ്ചിനിയറിംഗ് കോളേജ്, അൽ അസർ ലോ കോളജ്, പൈനാവ് മോഡൽ പോളിടെക്നിക് കോളേജ് ,നാടുകാണി ട്രൈബൽ ആർട്സ് ആന്റ് സയൻസ് കോളേജ് , പാവനാത്മ കോളേജ് മുരിക്കാശ്ശേരി, ഇടുക്കി മെഡിക്കൽ കോളേജ് എന്നിവടങ്ങളിൽ നിന്നുള്ള 50 വിദ്യാർത്ഥികൾ മൂന്ന് ദിവസം നീണ്ടുനിന്ന പരിശീലന പരിപാടിയിൽ പങ്കെടുത്തു.
പ്രോജക്ട് ത്രൈവ് കോർഡിനേറ്റർ ജോമോൾ ജോസ്, പൈനാവ് എം ആർ എസ് സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് ദിവ്യ ജോർജ്, ഗ്രീൻ വാലി ഡവലപ്മെന്റ് സൊസൈറ്റി ഫാദർ ജോബി, അൽ അസർ ലോ കോളജ് ഫാക്കൽറ്റി കോർഡിനേറ്റർ മാധുരി തുടങ്ങിയവർ പങ്കെടുത്തു