ആവാസ വ്യവസ്ഥക്ക് ഭീഷണി; ഗോള്‍ഡ് ഫിഷിനെ കുളത്തിലും തടാകത്തിലും വിടരുതെന്ന് മുന്നറിയിപ്പ്
അലങ്കാര മത്സ്യങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും പ്രിയപ്പെട്ടവയാണ് ഗോള്‍ഡ് ഫിഷുകള്‍
വീട്ടില്‍ വളര്‍ത്തുന്ന ഗോള്‍ഡ് ഫിഷുകളെ പൊതുകുളങ്ങളിലോ ജലാശയങ്ങളിലോ നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പുമായി യു.എസിലെ മിനസോട്ട മുനിസിപ്പല്‍ അധികൃതര്‍. ഇത്തരം മത്സ്യങ്ങളെ ജലാശയങ്ങളില്‍ ഇടുന്നത് ആവാസ വ്യവസ്ഥയെ തകര്‍ക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
അലങ്കാര മത്സ്യങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും പ്രിയപ്പെട്ടവയാണ് ഗോള്‍ഡ് ഫിഷുകള്‍. ചെറിയ ബൌളിലോ അല്ലെങ്കില്‍ ഗ്ലാസിലോ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ചെറിയ ഗോള്‍ഡ് ഫിഷുകളെ കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണ്. എന്നാല്‍ ഒരു ഷൂവിന്‍റെ വലിപ്പമുള്ള ഗോള്‍ഡന്‍ മത്സ്യത്തെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? മിനിസോട്ടയിലുള്ള കെല്ലര്‍ തടാകത്തില്‍ അസാധാരണ വലിപ്പത്തിലുള്ള ഗോള്‍ഡ് ഫിഷിനെ കണ്ടെത്തിയത് ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ഗോള്‍ഡ് ഫിഷുകളെ വീട്ടില്‍ തന്നെ വളര്‍ത്തണമെന്ന നിര്‍ദേശവുമായി മിനസോട്ട അധികൃതര്‍ രംഗത്തെത്തിയത്.
”നിങ്ങളുടെ ഗോള്‍ഡ് ഫിഷുകളെ ഒരിക്കലും കുളങ്ങളിലോ തടാകങ്ങളിലോ നിക്ഷേപിക്കരുത്. നിങ്ങള്‍ വിചാരിക്കുന്നതിനെക്കാള്‍ വേഗത്തില്‍ അവ വളരും. ജലാശയത്തിലെ ചെറുസസ്യങ്ങളെയും മറ്റും ഇവ ഭക്ഷണമാക്കുന്നതോടെ ജലാശയത്തിന്റെ ഗുണനിലവാരം കുറയുകയും ആവാസവ്യവസ്ഥ നശിക്കുകയും ചെയ്യും” മിനിസോട്ട മുനിസിപ്പല്‍ ഭരണകൂടം തങ്ങളുടെ സാമൂഹ്യമാധ്യമ പേജ് വഴി നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.