പല്ല് വയ്ക്കാനും ഗ്ലുക്കോമീറ്റർ വാങ്ങാനും സർക്കാർ സഹായം
അറുപത് വയസ് പൂര്‍ത്തിയായ ബിപിഎല്‍ വിഭാഗത്തിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പല്ല് വയ്ക്കാനും ഗ്ലുക്കോമീറ്റർ വാങ്ങാനും സർക്കാർ സഹായം നൽകുന്നു.ജില്ലയിൽ സാമുഹൃനീതി വകുപ്പ് നടപ്പാക്കുന്ന വയോമധുരം, മന്ദഹാസം പദ്ധതികൾ പ്രകാരമാണ് സഹായം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണ്ണയിക്കുന്നതിന് സഹായിക്കുന്ന ഗ്ലുക്കോമീറ്റർ സൗജന്യമായി നൽകുന്ന പദ്ധതിയാണ് ‘വയോമധുരം’ . സുനീതി പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷ നൽകാം. പ്രമേഹരോഗിയാണെന്ന സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ സാക്ഷ്യപത്രമോ മറ്റ് രേഖയോ, പ്രായം തെളിയിക്കുന്നതിന് ആധാര്‍ കാര്‍ഡ്, ബിപിഎല്‍ റേഷന്‍ കാര്‍ഡ് അല്ലെങ്കില്‍ ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം .
മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യമായി കൃത്രിമ ദന്തനിര വച്ച് നല്‍കുന്ന പദ്ധതിയാണ് “മന്ദഹാസം”. ഒരു ഗുണഭോക്താവിന് 10,000 രൂപയാണ് ലഭിക്കുക. അപേക്ഷകർ പല്ലുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടവരോ , അതല്ലെങ്കില്‍ ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗയോഗ്യമല്ലാത്തതിനാല്‍ മുഴുവനായി പറിച്ചു നീക്കേണ്ട അവസ്ഥയിലുളളവരോ ആയിയിരിക്കണം .
പ്രായം തെളിയിക്കുന്ന രേഖ, കൃത്രിമ പല്ലുകള്‍ വയ്ക്കുന്നതിന് അനുയോജ്യമെന്ന് അംഗീകൃത ദന്തിസ്റ്റിന്‍റെ നിശ്ചിത ഫോറത്തിലുള്ള സാക്ഷ്യപത്രം, ബിപിഎല്‍ റേഷന്‍ കാര്‍ഡ് അല്ലെങ്കില്‍ ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സുനീതി പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
സാക്ഷ്യപത്രത്തിന്റെ മാതൃക sjd.kerala.gov.in ൽ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ 0486-2228160