മുണ്ടക്കൈ പൂർണ്ണമായും തകർന്നു,മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ കൂടുതൽ ഉപകരണങ്ങൾ വേണം;വിലയിരുത്തൽ


വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം കഴിഞ്ഞു. മുണ്ടക്കൈ പൂർണ്ണമായും തകർന്നെന്നാണ് വിലയിരുത്തൽ. മണ്ണിന് അടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തണമെങ്കിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കണമെന്നും ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്നും അവലോകന യോഗം വിലയിരുത്തി.
രക്ഷാദൗത്യ സംഘം നേരിടുന്നത് വലിയ വെല്ലുവിളിയാണ്. കേന്ദ്ര സർക്കാരിന്റെയും ആർമിയുടെയും ഇതുവരെയുള്ള പ്രവർത്തനം തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി. ദുരിത മേഖലയിലേക്ക് കൂടുതലായി വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മുണ്ടക്കൈ റോഡ് സംവിധാനം താറുമാറായതിനാൽ യന്ത്ര സാമഗ്രികൾ എത്തിക്കാനാകുന്നില്ല. റോഡ് ഗതാഗതം പുനസ്ഥാപിച്ചതിന് ശേഷം ഹിറ്റാച്ചി പോലുള്ള വാഹനങ്ങൾ എത്തിക്കാനും യോഗത്തിൽ തീരുമാനമായി. താൽക്കാലിക പാലത്തിന് വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ട്.