വിളകളിലെ രോഗം;ഏലം കര്‍ഷകരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘങ്ങള്‍ സജീവം
കട്ടപ്പന: വിളകളിലെ രോഗങ്ങളുടെ മറവില്‍ ഏലം കര്‍ഷകരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘങ്ങള്‍ ജില്ലയില്‍ സജീവമാകുന്നു. പുതുതായി ഏലം കൃഷിയിലേക്കിറങ്ങുന്ന കര്‍ഷകരെയാണ് ഇത്തരക്കാര്‍ ലക്ഷ്യമിടുന്നത്. ശരത്തില്‍ കാ പിടിക്കാതിരിക്കുക, കായില്‍ മഞ്ഞ നിറം കാണുക, കാ കൊഴിഞ്ഞു പോകുക, ഏലത്തണ്ടുകളെ പ്രാണികള്‍ ആക്രമിക്കുക തുടങ്ങി രോഗങ്ങളാണ് കര്‍ഷകര്‍ പ്രധാനമായും നേരിടേണ്ടി വരുന്നത്. പുതുതായി ഏലം കൃഷിയിലേക്കിറങ്ങുന്ന കര്‍ഷകര്‍ക്ക് ഇത്തരം രോഗങ്ങള്‍ വരുമ്പോള്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടാകില്ല.
ഈ അവസരം മുതലെടുത്താണ് തട്ടിപ്പ് സംഘങ്ങള്‍ രംഗത്തെത്തുന്നത്. രോഗങ്ങള്‍ മാറാന്‍ തോട്ടങ്ങളില്‍ പ്രത്യേകതരം മരുന്ന് അടിക്കണമെന്ന് കര്‍ഷകരെ പറഞ്ഞു വിശ്വസിപ്പിച്ചാണ് സംഘം രംഗത്തെത്തുന്നത്. തുടര്‍ന്ന് സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള കീടനാശിനികള്‍ എത്തിച്ച് തോട്ടങ്ങളില്‍ പ്രയോഗിക്കുകയാണ് പതിവ്. തമിഴ്‌നാട്ടില്‍ നിന്നും മറ്റും അനധികൃതമായി കടത്തിക്കൊണ്ടു വരുന്നവയാണ് ഇത്തരത്തിലുള്ള കീടനാശിനികള്‍.
ഒരേക്കര്‍ തോട്ടത്തിന് മരുന്നടിക്കുന്നതിന് 25,000 മുതല്‍ 50,000 രൂപ വരെ വാങ്ങുന്ന സംഘങ്ങളുണ്ട്. എന്നാല്‍ മരുന്നടിക്ക് ശേഷവും ഏലത്തിന്റെ രോഗങ്ങള്‍ക്ക് കുറവില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാല്‍ വീണ്ടും മറ്റൊരു മരുന്ന് പ്രയോഗിക്കണമെന്നാണ് ഇവരുടെ നിര്‍ദേശം.
വിള നശിക്കാതിരിക്കാന്‍ വലിയ തുക കൊടുത്ത് ഇത്തരത്തില്‍ മരുന്നടിക്കുന്ന കര്‍ഷകര്‍ നിരവധിയാണ്. എന്നാല്‍ ഇത്തരത്തില്‍ അശാസ്ത്രീയമായി ഏലത്തോട്ടത്തില്‍ രാസ മരുന്നുകള്‍ പ്രയോഗിക്കുന്നത് ചെടികള്‍ക്കും മണ്ണിനും ദോഷമാകുമെന്നാണ് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
വിലയിടിവ് പതിവായതോടെ ജില്ലയിലെ കാപ്പി, കുരുമുളക് കര്‍ഷകര്‍ കൂട്ടത്തോടെ ഏലം കൃഷിയിലേക്ക് തിരിയുകയാണ്. ഇതര വിളകള്‍ കൃഷി ചെയ്തിരുന്ന ഭൂമി വലിയ തുക മുതല്‍ മുടക്കിയാണ് ഏലം കൃഷിക്ക് അനുയോജ്യമാക്കി മാറ്റുന്നത്. ഇതിനു പിന്നാലെയാണ് ഇത്തരത്തില്‍ ചൂഷക സംഘങ്ങള്‍ കര്‍ഷകരെ കബളിപ്പിച്ച് പണം കവരുന്നത്. ഇതോടെ മുടക്ക് മുതല്‍ പോലും തിരികെ ലഭിക്കാത്ത സ്ഥിതിയാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.