പണക്കാര്‍ക്ക് ചോദ്യപേപ്പര്‍ വിലയ്ക്ക് വാങ്ങാന്‍ കിട്ടുന്നുവെന്ന് പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി; പ്രതിപക്ഷം അപവാദം പ്രചരിപ്പിക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി


ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ഉയര്‍ത്തി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. പണക്കാര്‍ക്ക് ചോദ്യപ്പേപ്പര്‍ വിലയ്ക്ക് വാങ്ങാന്‍ കിട്ടുന്ന അവസ്ഥയെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. എന്നാല്‍ വ്യാപകമായ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെന്ന ആരോപണം കേന്ദ്രമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ തള്ളി.
ബജറ്റ് സമ്മേളനത്തിന് ചേര്‍ന്ന സഭയില്‍ പ്രതിപക്ഷം ആദ്യം ഉന്നയിച്ചത് നീറ്റ് വിഷയമായിരുന്നു. അടിയന്തിര പ്രമേയത്തിന് അവതരണാനുമതി ലഭിച്ചില്ലെങ്കിലും ചോദ്യോത്തര വേളയില്‍ നീറ്റ് വിഷയത്തില്‍ പ്രതിപക്ഷത്തിന് സഭയുടെ ശ്രദ്ധ ക്ഷണിയ്ക്കാനായി. രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യത ആണ് പ്രതികൂട്ടില്‍ നില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. താന്‍ ഒഴിച്ച് മറ്റുള്ള എല്ലാവരും തെറ്റുകാരാണെന്ന് സമ്മതിച്ച വിദ്യാഭ്യാസമന്ത്രി തുടരുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വസ്തുതകള്‍ അല്ല അപവാദമണ് പ്രതിപക്ഷം പ്രചരിപ്പിയ്ക്കുന്നത് എന്നായിരുന്നു വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ മറുപടി. രാജി വയ്ക്കണമെന്ന ആവശ്യത്തെയും അദ്ദേഹം തള്ളി. വ്യാപകമായി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്ലെന്നാണ് അദ്ദേഹം സഭയില്‍ വിശദീകരിച്ചത്. പ്രതിപക്ഷ നിരയില്‍ നിന്ന് അഖിലേഷ് യാദവും, ശശിതരൂരും അടക്കമുള്ളവരും ശക്തമായ വിമര്‍ശനം സര്‍ക്കാരിനെതിരെ ഉയര്‍ത്തി.