സെറികള്‍ച്ചര്‍ വിപുലീകരിക്കുന്നതിന്’സില്‍ക്ക് സമഗ്ര’
ഇടുക്കി ജില്ലയില്‍ മള്‍ബറികൃഷിയും പട്ടുനൂല്‍ പുഴുവളര്‍ത്തലും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സഹായത്തോടെ സംസ്ഥാന ഗ്രാമവികസന വകുപ്പ് വഴി സില്‍ക്ക് സമഗ്ര പദ്ധതി നടപ്പാക്കുന്നു. 2021-22 കാലയളവില്‍ ഇടുക്കി ജില്ലയില്‍ 100 ഏക്കര്‍ പുതിയ മള്‍ബറി കൃഷി വ്യാപിപ്പിക്കാന്‍ ലക്ഷ്യം ഇട്ടിരിക്കുന്ന ഈ പദ്ധതിയില്‍ ജനറല്‍ വിഭാഗത്തിനും ഗുണഭോക്താക്കളാകാവുന്നതാണ്. മള്‍ബറി തോട്ടം, ജലസേചനം, പുഴുവളര്‍ത്തുപുര, ഉപകരണങ്ങള്‍ എന്നീ മുതല്‍ മുടക്കിനായി ഒരേക്കര്‍ തനിവിളയായി കൃഷി ചെയ്യുന്ന കര്‍ഷകന് രണ്ട് ലക്ഷത്തി എണ്‍പത്തിയേഴായിരം രൂപ വരെ നിബന്ധനകള്‍ക്ക് വിധേയമായി സബ്സിഡിയായി അനുവദിക്കുന്നതാണ്. കോവിഡ് പ്രതിസന്ധി മൂലം നഷ്ടം നേരിടുന്ന വിവിധ കാര്‍ഷിക മേഖലയ്ക്ക് ആശ്വാസമാണ് സെറികള്‍ച്ചര്‍ മേഖലക്കുളള ഈ ധനസഹായങ്ങള്‍. മള്‍ബറിചെടി നട്ടാല്‍ മൂന്ന് മാസത്തിനുളളില്‍ തന്നെ പുഴുവളര്‍ത്തല്‍ ആരംഭിച്ച് ഒരു മാസത്തിനുളളില്‍ കൊക്കൂണ്‍ വിളവെടുപ്പ് ആരംഭിക്കാം.
ഇപ്പോള്‍ ഒരു കിലോ കൊക്കൂണിന് 350-500 രൂപ വില ലഭിക്കുന്നുണ്ട്. ചെറിയ പുഴുക്കളെ വാങ്ങുന്നതിന് ഉദുമല്‍പേട്ടയിലുളള കേന്ദ്രങ്ങളില്‍ നിന്ന് സാധിക്കും. കൊക്കൂണ്‍ വിപണനം തമിഴ്നാട് സ്റ്റേറ്റ് കൊക്കൂണ്‍ മാര്‍ക്കറ്റിലോ, സ്വകാര്യ റീലിംഗ് യൂണിറ്റിലോ നടത്താവുന്നതാണ്. ഒരേക്കര്‍ മള്‍ബറി ചെടികള്‍ നടുന്ന ഒരു കര്‍ഷകന ഒരു വര്‍ഷം 3-4 ലക്ഷം രൂപ വരെ അറ്റാദായം ലഭിക്കുന്ന അത്യുത്പാദന ശേഷിയുളള മള്‍ബറി ഇനങ്ങളും, പുഴുഇനങ്ങളുമാണ് സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് വികസിപ്പിച്ചെടുത്ത് വിതരണം നടത്തുന്നത്.
ഇടുക്കി ജില്ലയില്‍ മറയൂര്‍, കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളാണ് സാദ്ധ്യതാ പഞ്ചായത്തുകളായി തിരഞ്ഞെടുത്ത് സെറികള്‍ച്ചര്‍ ക്ലസ്റ്റര്‍ ആയി മുന്‍ഗണന നല്‍കുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ സാജു സെബാസ്റ്റ്യന്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ നേരിട്ടോ 04862 233027, 9447456547 എന്നീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.