ജില്ലാ ആസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ ഉടന്‍: മന്ത്രി റോഷി അഗസ്റ്റിന്‍
പരിസ്ഥിതി സൗഹൃദമായ നിര്‍മ്മാണത്തിനു ഊന്നല്‍ നല്‍കി ജില്ലാ ആസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ടൗണ്‍ പ്ലാനിങ് ഡിപ്പാര്‍ട്ട്മെന്റിന് നിര്‍ദ്ദേശം നല്‍കി. 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പു സാമ്പത്തിക വര്‍ഷം തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന വിധത്തില്‍ ഉന്നതാധികാര സമിതി രൂപീകരിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നിലവിലെ തര്‍ക്കങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്തുമെന്നും ഇതു സംബന്ധിച്ച് കെറ്റിഡിസി ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും ടൗണ്‍ പ്ലാനിങ് ഉദ്യോഗസ്ഥരുടേയും ആലോചനായോഗം ഉദാഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
ജില്ലാ ആസ്ഥാനത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന 22 ജില്ലാ ഓഫീസുകള്‍ കൂടി ജില്ലാ ആസ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ച് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം ഉണ്ടാക്കുന്നതിനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ജില്ലാ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്നത് സാധാരണ ജനങ്ങള്‍ക്ക് വലിയ പ്രയാസം നേരിടുന്നുണ്ട്. കൃഷി, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് എന്നിങ്ങനെയുള്ള ഓഫീസുകള്‍ സ്ഥല സൗകര്യം അനുസരിച്ച് ജില്ലാ ആസ്ഥനത്തേക്ക് ഉടന്‍ മാറ്റും. ഷോപ്പിങ്, കോംപ്ലക്സ്, ബസ് സ്റ്റേഷന്‍, കംഫര്‍ട്ട് സ്റ്റേഷന്‍, മാലിന്യ സംസ്‌കരണ സംവിധാനം, ടാക്സി സ്റ്റാന്റ് എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ പ്രകൃതി സൗഹൃദമായ രീതിയില്‍ രണ്ടു പതിറ്റാണ്ടിന്റെയെങ്കിലും ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് രൂപകല്‍പ്പന ചെയ്യുവാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇങ്ങനെ സ്ഥലം ഏറ്റെടുക്കുമ്പോള്‍ വീട് നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനും വികസന പദ്ധതിയില്‍ ഫണ്ട് കണ്ടെത്തും.
മെഡിക്കല്‍ കോളേജ്, എന്‍ജിനീയറിങ്, കോളേജ്, എം ആര്‍ എസ് എന്നിവ ഉള്‍പ്പെടുത്തി ജില്ലയുടെ ആസ്ഥാന പഞ്ചായത്തായ വാഴത്തോപ്പ് ടൗണ്‍ഷിപ്പായി വികസിപ്പിക്കും. രൂപരേഖയ്ക്ക് അന്തിമ രൂപം നല്‍കുന്നതിന് ഉന്നതാധികാര സമിതിയ്ക്ക് ഉടന്‍ രൂപം നല്‍കും. ചെറുതോണിയില്‍ വഞ്ചിക്കവല റോഡില്‍ നടപ്പാത നിര്‍മ്മിച്ച് ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. ചെറുതോണി ബസ്സ്റ്റേഷന്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെ വനഭൂമി ഏറ്റെടുത്ത് പകരം ഭൂമി നല്‍കി റോഡും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുറഞ്ഞ സ്ഥലം പരമാവധി വികസനത്തിനായി വിനിയോഗിക്കുന്നതിന് ആവശ്യമായ ഭൂമി ജില്ലാ പഞ്ചായത്ത് വിട്ട് നല്‍കുമെന്ന് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച് യോഗത്തില്‍ അറിയിച്ചു. പൈനാവില്‍ കൊലുമ്പന്റെ സ്മാരകമായി സാംസ്‌കാരിക കേന്ദ്രം ആരംഭിക്കുന്നതിന് ജില്ലാ പഞ്ചായത്തിന് പദ്ധതിയുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ വി.ജി. മോഹനന്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സിജി ചാക്കൊ, ഏലിയാമ്മ ജോയി, ജില്ലാ പഞ്ചായത്ത് അംഗം കെ. ജി സത്യന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജു കല്ലറയ്ക്കല്‍, പ്രഭാ തങ്കച്ചന്‍, ടിന്റു സാഭാഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബി. സുനില്‍കുമാര്‍, ടൗണ്‍ പ്ലാനര്‍ ടി.എന്‍ രാജേഷ് തുയങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. ഡിറ്റിപിസി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സി.വി. വര്‍ഗ്ഗീസ് പദ്ധതിയുടെ ലക്ഷ്യം സ്വാഗത പ്രസംഗത്തില്‍ സമിതിയില്‍ വിശദമായി അവതരിപ്പിച്ചു.