പഞ്ചസാര നിയന്ത്രിക്കാൻ പാവയ്ക്ക
പാവയ്ക്കയും പ്രമേഹവുമായി ബന്ധപ്പെട്ട് ഏകദേശം നൂറ്റിനാൽപ്പതോളം ദേശീയ, അന്തർദേശീയ പഠനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പാവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാൻ കഴിവുണ്ടെന്നു തന്നെയാണ് മിക്ക പഠനങ്ങളും തെളിയിച്ചിരിക്കുന്നത്. പാവയ്ക്കയിലടങ്ങിയിരിക്കുന്ന ഘടകങ്ങളായ വിസിൻ, കരാൻറ്റിൻ, പോളിപെപ്പ്റ്റൈഡ് പി. എന്നിവ പാൻക്രിയാസിലെ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിലെ പ്രധാനപ്പെട്ട ഒരു കൂട്ടം പേശികളായ സ്കെലറ്റൽ മസിലുകളുടെ ഗ്ലൂക്കോസ് ഉപയോഗം കൂട്ടുകയും ചെയ്യുന്നു. തന്മൂലം രക്ത്തിലെ ഗ്ലൂക്കോസ് അളവ് ഉയരാതെ നിൽക്കും. അന്നജത്തിന്റെ ആഗിരണം കൂട്ടുന്ന ചില എൻസൈമുകളെ നിയന്ത്രിക്കാനും ഇതിലെ ഘടകങ്ങൾക്കു കഴിയും. ജോണൽ ഒാഫ് ക്ലിനിക്കൽ എപ്പിഡമോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് എച്ച്ബിഎവൺസി അളവ് കുറയ്ക്കാനും പാവയ്ക്കയ്ക്കു കഴിയുമെന്നാണ്. പാചകരീതിയിൽ ശ്രദ്ധിക്കുകയും ജൈവക്കൃഷി വഴി ഉൽപാദിപ്പിക്കുന്ന പാവയ്ക്ക ഉപയോഗിക്കുകയും ചെയ്താൽ പാവയ്ക്ക ഒരു ഒൗഷധം തന്നെയാണ്.