ഭർത്താവും, മക്കളും പോയ ശേഷമുള്ള ആശ്രയം: കുളപ്പുള്ളി ലീലയെ തനിച്ചാക്കി അമ്മയും മടങ്ങി
മലയാള ചലച്ചിത്ര അഭിനേത്രി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണിയമ്മ അന്തരിച്ചു. 95 വയസ് ആയിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങൾ കാരണം ചികിത്സയിലായിരുന്നു. ഭർത്താവും മക്കളും നഷ്ടപ്പെട്ട ലീല അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. നടി സീമ ജി നായരാണ് വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
അമ്മ കൂലിപ്പണി ചെയ്താണ് തന്നെ പോറ്റിയതെന്നും , നാടകത്തിന് പോവാന്‍ പറ്റിയതും നടിയായതും എല്ലാം അമ്മയുടെ ചങ്കൂറ്റം കൊണ്ടാണെന്നും ലീല മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. നോർത്ത് പരവൂറിലെ ചെറിയ പള്ളിയിലുള്ള വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. രണ്ട് ആണ്‍മക്കളായിരുന്നു ഇവർക്ക്. ഒരാള്‍ ജനിച്ച് എട്ടാം ദിവസവും മറ്റൊരാള്‍ പതിമൂന്നാം വയസ്സിലും മരണപ്പെട്ടിരുന്നു. പരേതനായ കൃഷ്ണകുമാറാണ് കുളപ്പുള്ളി ലീലയുടെ ഭര്‍ത്താവ്.
സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചത്
“കൊളപ്പുള്ളി ലീലാമ്മയുടെ അമ്മ ഇന്നലെ മരണപെട്ടു.. രാവിലെ ലീലാമ്മായുടെ ഫോൺ ആണ് എനിക്ക് ആദ്യം വന്നത് ..’അമ്മ ‘പോയ കാര്യം വിതുമ്പികൊണ്ടാണ് എന്നോട് പറഞ്ഞത്.. കഴിഞ്ഞ ദിവസം ഒരു ഷൂട്ടിങ് സ്ഥലത്തു വെച്ച് കണ്ടപ്പോളും ലീലാമ്മ വാ തോരാതെ പറഞ്ഞുകൊണ്ടിരുന്നത് അമ്മയെ കുറിച്ച് മാത്രം. ഇത്രയധികം അമ്മയെ പൊന്നുപോലെ നോക്കിയ ഒരാളെ ഞാൻ കണ്ടിട്ടില്ല.. വർക്കുകൾക്ക് പോലുംപോകാൻ പറ്റാതെ ,അമ്മയെ മാത്രം നോക്കി എത്ര ദിവസങ്ങൾ ഇരുന്നിട്ടുണ്ട് ..അമ്മയെ ദൈവത്തെ പോലെ കണ്ട് ,അമ്മക്ക് വേണ്ടി മാത്രം ജീവിച്ച ലീലാമ്മ..ഇതൊക്കെ നേരിട്ടറിവുള്ള കാര്യങ്ങൾ…ഇങ്ങനെ ഒരു മോളേ കിട്ടാൻ ആ അമ്മ പുണ്യം ചെയ്തിട്ടുണ്ടാവണം ….പുണ്യ മാസങ്ങളുടെ തുടക്കത്തിൽ തന്നെ ആ ‘അമ്മക്ക് ഈശ്വരൻ അങ്ങനെ ഒരു അനുഗ്രഹം കൊടുത്തെങ്കിൽ ..അതും ഒരു പുണ്യമായി കരുതാം ..ലീലാമ്മായുടെ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു ..ആദരാഞ്ജലികൾ”, എന്നായിരുന്നു സീമ ജി നായർ കുറിച്ചത്.