കാലിക്കറ്റ് സർവ്വകലാശാലയിൽ സംവരണ ക്രമം പാലിക്കാതെ വീണ്ടും അധ്യാപക നിയമനത്തിന് നീക്കം
കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിൽ സംവരണ ക്രമം പാലിക്കാതെ വീണ്ടും അധ്യാപക നിയമനത്തിന് നീക്കം. സംവരണ ക്രമം പാലിക്കണമെന്ന 2019-ലെ സുപ്രീം കോടതി ഉത്തരവിൽ സർവ്വകലാശാല നടപടി എടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും അപേക്ഷ ക്ഷണിച്ചത്. 79 അധ്യാപക തസ്തികയിൽ സ്ഥിര നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് പത്രക്കുറിപ്പിൽ പറയുന്നുണ്ടെങ്കിലും സൈറ്റിൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.2019-ൽ 116 അധ്യാപകരെ നിയമിച്ചത് സംവരണ നിയമങ്ങൾ ലംഘിച്ചാണെന്നും റൊട്ടേഷൻ വീണ്ടും തയ്യാറാക്കി അർഹരായ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി സുപ്രീംകോടതി അംഗീകരിച്ചെങ്കിലും സർവ്വകലാശാല ഒരു നടപടിയുമെടുത്തിട്ടില്ല. അതിനിടെയാണ് നിലവിലുള്ള ഒഴിവുകളിലേക്കും എൻസിഎ ഒഴിവുകളിലേക്കും വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. റൊട്ടേഷൻ ചാർട്ട് തെറ്റാണെന്ന് കോടതി കണ്ടെത്തിയ സ്ഥിതിക്ക് എൻസിഎ ഒഴിവുകളിലും മാറ്റം വരും.