എം ജെ: സംഗീതത്തിന്റേയും നൃത്തത്തിന്റേയും പെരിയോൻ; മൈക്കിൾ ജാക്സൺ വിടപറഞ്ഞിട്ട് 15 വർഷം


പോപ്പ് സംഗീത രാജാവ് മൈക്കിൾ ജാക്സൺ വിട പറഞ്ഞിട്ട് പതിനഞ്ച് വർഷം. ചടുലമായ ചുവടുകളും മനംനിറക്കുന്ന സംഗീതവുമായി നാല് പതിറ്റാണ്ടിലധികം നമ്മേ മൈക്കിൾ ജാക്സൺ വിസ്‍മയിപ്പിച്ചു. സംഗീതത്തിലൂടെ സമൂഹത്തിന്റെ അപചയങ്ങൾക്കെതിരെ ശബ്ദിച്ച കലാകാരനായിരുന്നു ജാക്സൺ.
പോപ്പ് സംഗീതത്തിലെ കറുപ്പിനും വെളുപ്പിനുമിടയിൽ ജീവിച്ച കലാകാരനായിരുന്നു മൈക്കൽ ജാക്സൺ. കടുത്ത വർണ വിവേചനത്തിന്റെ നാളുകളിലായിരുന്നു മൈക്കൽ ജാക്സൺ രംഗപ്രവേശം ചെയ്തത്. സ്വന്തം രൂപത്തെ കുറിച്ചുള്ള അപകർഷതാബോധം സംഗീതം കൊണ്ട് മൈക്കൽ ജാക്സൺ തുടച്ചുമാറ്റി.
തന്റെ കൺമുന്നിൽക്കണ്ട തിന്മകളെ ചോദ്യം ചെയ്ത ജാക്‌സണിലൂടെയായിരുന്നു ആധുനിക പോപ്പ് സംഗീതത്തിന്റെ വളർച്ച. പ്രണയം, വർണവിവേചനം, ഏകാന്തത, വനനശീകരണം, മലിനീകരണം, ദാരിദ്ര്യം,യുദ്ധക്കെടുതികൾ. ജാക്സൺ തന്റെ ഗാനങ്ങളിലൂടെ ചർച്ച ചെയ്ത വിഷയങ്ങൾ അനവധി. 1991 ൽ പുറത്തിറങ്ങിയ Dangerous എന്ന ആൽബം ലോകത്തെ ഏറ്റവും മൂല്യമേറിയ സംഗീതജ്ഞനാക്കി ജാക്‌സനെ മാറ്റി .
സ്മൂത്ത് ക്രിമിനൽ എന്ന ഗാനത്തിനായി നിർമിച്ച പ്രത്യേക ആന്റി – ഗ്രാവിറ്റി ഷൂവിന്റെ പേറ്റന്റ് ജാക്‌സന്റെ പേരിലാണ്.സംഗീത ലോകത്തും പുറത്തും വിവാദങ്ങളുടെ തോഴനായിരുന്നു ജാക്സണ്‍. അൻപതാം വയസിൽ ദുരൂഹമായി മരണത്തോട് കീഴടങ്ങിയ ജാക്സന്റെ അവസാന യാത്ര 250 കോടിയോളം ആളുകളാണ് തത്സമയം കണ്ടത്. പോപ്പ് സംഗീതത്തിൽ പകരക്കാരനില്ലാത്ത പ്രതിഭയുടെ ഓർമകൾക്ക് പ്രണാമം.