മിക്കയിടത്തും കനത്ത മഴ; ഹൈറേഞ്ചിന്റെ പല ഭാഗങ്ങളിലും മഴ ശക്തമായി
ജില്ലയിൽ മിക്കയിടങ്ങളിലും കനത്ത മഴ. കാര്യമായ ഇടവേളയില്ലാതെ ഇന്നലെ പകൽ മഴ തുടർന്നു. തൊടുപുഴ ഉൾപ്പെടെയുള്ള ലോറേഞ്ച് മേഖലകളിൽ ശക്തമായ മഴയായിരുന്നു. ഹൈറേഞ്ചിന്റെ പല ഭാഗങ്ങളിലും ഇന്നലെയോടെ മഴ ശക്തമായി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്നലെ ആദ്യം ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും, അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത്, ഉച്ചയോടെ റെഡ് അലർട്ട് പുറപ്പെടുവിച്ചു.
നിലവിൽ, 14 വരെ ജില്ലയിൽ യെലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കാലവർഷം സജീവമായി തുടരുമെന്നാണ് വിലയിരുത്തൽ. ഇന്നലെ രാവിലെ 7 നു അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തത് ശരാശരി 61.06 മില്ലീമീറ്റർ മഴയാണ്. കാര്യമായ കെടുതികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മഴ തുടരുന്നതു ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മഴയെത്തുടർന്നു നദികളിലും മറ്റും നീരൊഴുക്ക് വർധിച്ചു. പല ഡാമുകളിലെയും ജലനിരപ്പും ഉയരുകയാണ്.
കല്ലാർകുട്ടി, പാംബ്ല (ലോവർ പെരിയാർ) എന്നീ ഡാമുകളുടെ ഷട്ടറുകൾ ഉയർത്താൻ അനുമതി നൽകിയതിനെത്തുടർന്ന് പെരിയാർ, മുതിരപ്പുഴയാർ എന്നിവയുടെ ഇരുകരകളിലുമുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.