മേരികുളം-ആനവിലാസം റോഡ്;4 മാസത്തിലധികമായി അടച്ചിട്ടിരിക്കുന്ന സംസ്ഥാന പാത തുറന്നുകൊടുക്കാൻ ഇനിയും നടപടിയില്ല
മേരികുളം ∙ പാലം നിർമാണത്തിന്റെയും റോഡ് കോൺക്രീറ്റിങ്ങിന്റെയും പേരിൽ 4 മാസത്തിലധികമായി അടച്ചിട്ടിരിക്കുന്ന സംസ്ഥാന പാത തുറന്നുകൊടുക്കാൻ ഇനിയും നടപടിയില്ല. കൊച്ചി-തേക്കടി സംസ്ഥാന പാതയുടെ ഭാഗമായ മേരികുളം-ആനവിലാസം റോഡ് പൂർണതോതിൽ ഗതാഗത യോഗ്യമാക്കാൻ നടപടി വൈകുന്നത് ജനങ്ങളെ വലയ്ക്കുകയാണ്. ഉരുൾപൊട്ടലിൽ തകർന്ന നിരപ്പേൽക്കട അച്ചപ്പൻകട പാലത്തിന്റെ പുനർനിർമാണ ജോലികൾക്കായി മാർച്ച് 8 മുതലാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചത്.
പാലത്തിന്റെ പുനർനിർമാണത്തിനും മേരികുളം-ആനവിലാസം റോഡിന്റെ അറ്റകുറ്റപ്പണികൾക്കുമായി 80 ലക്ഷം രൂപയാണ് അനുവദിച്ചത്. പാലം പണി നടന്നപ്പോൾ ആനവിലാസം മേഖലയിൽ നിന്നുള്ള വാഹനങ്ങൾ ഇടപ്പൂക്കുളത്തു നിന്ന് തിരിച്ചു വിട്ടിരിക്കുകയായിരുന്നു. പാലം നിർമാണം ഇഴഞ്ഞു നീങ്ങിയതോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ സമയ പരിധി പലതവണ ദീർഘിപ്പിച്ചിരുന്നു. ഒടുവിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് ജൂൺ രണ്ടാം വാരം പാലം തുറന്നു കൊടുത്തത്.
ഇതേ പാതയുടെ ഭാഗമായ ആനവിലാസം മുതൽ പളനിക്കാവ് വരെയുള്ള ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്താനായി ജൂൺ 8 മുതൽ ജൂലൈ 7 വരെ വീണ്ടും ഗതാഗത നിയന്ത്രണം ഏർപ്പടുത്തിയ ശേഷമായിരുന്നു പാലം തുറന്നു നൽകിയത്. അതിനാൽ ഈ പാതയുടെ പ്രയോജനം ജനങ്ങൾക്ക് കാര്യമായി ഉപകാരപ്പെടാത്ത സ്ഥിതിയായി. കൊടും വളവ് വീതി കൂട്ടി 50 മീറ്റർ ദൂരം കോൺക്രീറ്റ് ചെയ്യാനാണ് ഗതാഗത നിരോധനം ഏർപ്പടുത്തിയത്. എന്നാൽ ഈ ജോലിയും യഥാസമയം പൂർത്തിയാക്കാനായില്ല.
കഴിഞ്ഞ ദിവസമാണ് റോഡിന്റെ ഒരുവശം ഇവിടെ കോൺക്രീറ്റ് ചെയ്തത്. ഇത് ഉറച്ച ശേഷമേ ഗതാഗതത്തിന് തുറന്നു കൊടുക്കുകയുള്ളു. നിലവിൽ ചെറുവാഹനങ്ങൾക്ക് മാത്രമാണ് ഇതുവഴി കടന്നുപോകാൻ സാധിക്കുന്നത്. റോഡ് പണി പൂർത്തിയാക്കാൻ വൈകുന്നത് ഇതുവഴിയുള്ള ബസ് സർവീസുകളെയും ബാധിക്കുകയാണ്. അച്ചപ്പൻകട പാലം തുറന്നു കൊടുത്തെങ്കിലും ഇരുവശത്തു നിന്നും പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗം ചെളിക്കുണ്ടായി കിടക്കുകയാണ്. ഇത് നന്നാക്കാനും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ല.