വണ്ടിപ്പെരിയാര്‍ പോളിടെക്‌നിക്കില്‍ ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്തും: മന്ത്രി ഡോ. ആര്‍. ബിന്ദു


വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ പുതുതായി നിര്‍മിച്ച അക്കാദമിക് ബ്ലോക്കിലെ പുതിയ കംപ്യൂട്ടര്‍ ലാബില്‍ ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. കോളേജിന്റെ രജത ജൂബിലിയോടനുബന്ധിച്ച് നിര്‍മ്മിച്ച പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം സജ്ജമാകുന്നതോടെ മലയോര മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഏറെ ദൂരം യാത്ര ചെയ്യാതെ ഇവിടെ തന്നെ പരീക്ഷ എഴുതുന്നതിനുള്ള സാഹചര്യം ഇതിവഴിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രവേശന പരീക്ഷകള്‍, പിഎസ്എസി ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ പരീക്ഷകള്‍ തുടങ്ങിയവ നടത്താനാവശ്യമായ ക്രമീകരണങ്ങളാകും ഇവിടെ ഏര്‍പ്പെടുത്തുക. 280 കംപ്യൂട്ടറുകള്‍ ഉള്‍പ്പെടുന്ന ലാബാണ് സജ്ജീകരിച്ചിട്ടുള്ളത്.
തൊഴില്‍ ഉറപ്പു നല്‍കുന്ന പഠനമാണ് ഇപ്പോള്‍ പോളിടെക്‌നിക്കുകളില്‍ നടക്കുന്നത്. എക്‌സ്പീരിയന്‍ഷ്യല്‍ പഠനത്തിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. പോളിടെക്‌നിക്കുകള്‍ വളരെ നേരത്തേ തന്നെ ആ ദിശയില്‍ പഠന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്ലേസ്‌മെന്റിന്റെ കാര്യത്തില്‍ പോളി ടെക്‌നിക്കുകള്‍ മറ്റെല്ലാ കലാലയങ്ങളെയും അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. തൊഴില്‍മേളകളില്‍ 96 ശതമാനം വിദ്യാര്‍ഥികള്‍ക്കും ജോലി ലഭിക്കുന്നു. പഠനത്തോടൊപ്പം തൊഴില്‍ ആഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പഠനത്തോടൊപ്പം സമ്പാദ്യം, ഇന്‍ഡസ്ട്രി ഓണ്‍ ക്യാംപസ് പ്രൊജക്ടുകള്‍ വളരെ മികച്ച രീതിയില്‍ മുന്നേറുന്നു. വണ്ടിപ്പെരിയാര്‍ പോളിടെക്‌നിക്കും ഇത്തരം പ്രൊജക്ടുകള്‍ ഏറ്റെടുക്കണം. പഠനത്തോടൊപ്പം സമ്പാദ്യം പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷം 20 ലക്ഷം രൂപ സമാഹരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞു.
അസാപ് കേരള 150 ലധികം സ്‌കില്‍ തൊഴില്‍ നൈപുണ്യ വികസന കോഴ്‌സുകള്‍ നടത്തുന്നുണ്ട്. കണക്ട് ടു ക്യാംപസ് പദ്ധതി വിദ്യാര്‍ഥികളുടെ നൂതനാശയങ്ങള്‍ സാക്ഷാത്കരിക്കുന്നു. ഇതിനാവശ്യമായ ഫണ്ട് 5 മുതല്‍ 25 ലക്ഷം വരെ യംഗ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിലൂടെ നല്‍കുന്നു. സ്റ്റാര്‍ട്ട് അപ്പ് മിഷനിലൂടെ സംരംഭകര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നു.
നൈപുണി വികസനം കുറെക്കൂടി മെച്ചപ്പെടുത്തിയാല്‍ തൊഴിലില്ലായ്മ പരിഹരിക്കാനാകും. വിദ്യാര്‍ഥികളുടെ സംരംഭക വികസനം സാധ്യമാക്കുന്നതിലൂടെ വിദ്യാര്‍ഥികള്‍ തൊഴില്‍ ദായകരായി മാറും. ക്യാംപസ് ഇന്‍ഡ്‌സ്ട്രിയല്‍ പാര്‍ക്കുകളും ആരംഭിക്കുകയാണ്. കേരളത്തെ വിജ്ഞാനത്തിന്റെ പടച്ചട്ടയണിഞ്ഞ സമൂഹമാക്കി മാറ്റുകയാണ് ലക്ഷ്യം. വൈജ്ഞാനിക സമ്പത്ത് വിനിയോഗിച്ച് ജനജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സമ്പദ് ഘടന വിപുലീകരിക്കാനുമാണ് ശ്രമം. ഇതിലേക്ക് ഏറ്റവുമധികം സംഭാവന ചെയ്യാന്‍ കഴിയുന്നതാണ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.
പുത്തന്‍ അറിവുകളുടെ സൃഷ്ടാക്കളായി വിദ്യാര്‍ഥികളെ മാറ്റുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുകയാണ്. ഇതിനായി കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ആറായിരം കോടി രൂപയാണ് ഉന്നത, വിദ്യാഭ്യാസ മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. ഇതില്‍ രണ്ടായിരം കോടി അടിസ്ഥാന സകര്യ വികസനത്തിനായാണ് നീക്കിവെച്ചത്. നീതി ആയോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം ഉന്നത വിദ്യാഭ്യാസത്തിന് ഏറ്റവമധികം തുക മാറ്റിവെച്ചത് കേരളമാണെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയുടെ സഹായത്തോടെ കിറ്റ്‌കോയുടെ മേല്‍നോട്ടത്തില്‍ 9.63 കോടി രൂപ ചെലവിലാണ് അത്യാധുനിക സൗകര്യങ്ങളോടെ ക്ലാസ് മുറികള്‍, ലാബുകള്‍, സെമിനാര്‍ ഹാള്‍ എന്നിവയുള്‍പ്പെടുന്ന അക്കാദമിക് ബ്ലോക്കാണ് നിര്‍മ്മിച്ചിട്ടുള്ളത്. നാലു നിലകളിലായി പണി കഴിപ്പിച്ചിരിക്കുന്ന പുതിയ അക്കാദമിക് ബ്ലോക്കിന് 32000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുണ്ട്. ക്ലാസ് റൂമുകള്‍, ലാബുകള്‍, കോമണ്‍ കമ്പ്യൂട്ടിങ് ഫെസിലിറ്റി ലാബ് ,സെമിനാര്‍ ഹാള്‍, സ്റ്റാഫ് റൂമുകള്‍, എ ച്ച് ഒ ഡി റൂമുകള്‍, സ്റ്റുഡന്റസ് അമിനിറ്റി റൂമുകള്‍, സിക്ക് റൂം മുതലായ സൗകര്യങ്ങള്‍ പുതിയ ബ്ലോക്കിലുണ്ട്.
വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറനാകുന്നേല്‍, പീരുമേട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ശെല്‍വത്തായി, ഇടുക്കി ജില്ലാ പഞ്ചായത്തംഗം എസ്.പി. രാജേന്ദ്രന്‍, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശ്രീരാമന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ഡി. അജിത് കുമാര്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തിങ്കല്‍, പീരുമേട് ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത്, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തംഗം പ്രിയങ്ക മഹേഷ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എസ് ജെ ഡി അനി എബ്രഹാം, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എസ്. സാബു, ടി.എച്ച്. അബ്ദുള്‍ സമദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി എസ്. അന്‍പുരാജ്, വ്യാപാരി വ്യവസായ സമിതി ഭാരവാഹി സി. ജയകുമാര്‍, പിടിഎ വൈസ് പ്രസിഡന്റ് ബിജു വര്‍ഗീസ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അച്ചു ഷാജി, പ്രിന്‍സിപ്പാള്‍ ബി. അഞ്ജു, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ.പി.ആര്‍.ഷാലിജ്, കിറ്റ്‌കോ പ്രൊജക്ട് മാനേജര്‍ പി.എം. യൂസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.