ഇടുക്കിക്ക് കായിക കുതിപ്പ്; ജില്ലയ്ക്ക് 20 കോടിയുടെ കായിക പദ്ധതിയുമായി മന്ത്രി
തൊടുപുഴ∙ ജില്ലയുടെ കായിക കുതിപ്പ് ലക്ഷ്യം വച്ച് 20 കോടി രൂപയുടെ പദ്ധതിയുമായി മന്ത്രി റോഷി അഗസ്റ്റിൻ. തിരുവനന്തപുരത്ത് കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹ്‌മാനുമൊത്ത് നടത്തിയ യോഗത്തിലാണു പദ്ധതിയുടെ പ്രാഥമിക ധാരണയായത്. ഐഡിഎ ഗ്രൗണ്ടിൽ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫിസ് കോംപ്ലെക്‌സും മൾട്ടി പർപ്പസ് സ്‌റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും അടങ്ങുന്നതാണ് പദ്ധതി.
സമീപത്ത് നിലവിലുള്ള വോളിബോൾ അക്കാദമി നവീകരിക്കാനും യോഗത്തിൽ തീരുമാനമായി. പത്തര ഏക്കർ സ്ഥലത്ത് ഫുട്‌ബോൾ സ്‌റ്റേഡിയവും ഇൻഡോർ സ്‌റ്റേഡിയവും സൈക്കിൾ വെലോഡ്രോമും ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കും. മത്സരങ്ങൾക്കായി എത്തുന്ന കായിക താരങ്ങൾക്ക് താമസിക്കുന്നതിനായി സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ ഭാഗമായി ഡോർമെട്രി നിർമിക്കും. കായിക മത്സരങ്ങൾ ഇല്ലാത്തപ്പോൾ ഇടുക്കിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കുകൂടി പ്രയോജനപ്പെടുന്ന തരത്തിലാണ് പദ്ധതി.
കായിക താരങ്ങൾക്കൊപ്പം എത്തുന്ന പരിശീലകർക്കും പ്രത്യേക താമസസൗകര്യം കോംപ്ലക്‌സിലുണ്ടാകും. ഒപ്പം ഗെസ്റ്റ് ഹൗസ് സൗകര്യവും ഒരുക്കും. സ്ഥലം ഏറ്റെടുത്ത് നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ കലക്ടർ എച്ച്.ദിനേശനെ യോഗം ചുമതലപ്പെടുത്തി. അടുത്തയാഴ്ച കായിക മന്ത്രി ഇടുക്കി സന്ദർശിക്കുമ്പോൾ ജില്ലാ സ്പോർട്സ് കൗൺസിൽ മാസ്റ്റർ പ്ലാൻ തയാറാക്കി നൽകും.