കുട്ടികൾക്ക് സുരക്ഷാ പാഠങ്ങൾ പകർന്ന് കഞ്ഞിക്കുഴി പോലീസ്. റോഡുകളിൽ ഇനി ‘കരുതലിന്റെ’ ചുവടുവെപ്പുകൾ

ദേശീയ സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളുകളിൽ വിദ്യാർത്ഥികൾക്കിടയിൽ റോഡ് സുരക്ഷാ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കഞ്ഞിക്കുഴി പോലീസ് ഇൻസ്പെക്ടർ സുരേഷ് വി.എയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു.
റോഡിലെ നിയമങ്ങൾ പാലിക്കുന്നതിലൂടെ എങ്ങനെ അപകടങ്ങൾ ഒഴിവാക്കാം എന്നതിനെക്കുറിച്ച് ഇൻസ്പെക്ടർ സുരേഷ് വി.എ കുട്ടികളുമായി സംവദിച്ചു. നിയമങ്ങൾ പഠിക്കുക എന്നതിലുപരി, ഉത്തരവാദിത്തമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് ഇത്തരം ക്ലാസുകളിലൂടെ ലക്ഷ്യമിടുന്നത്.
ക്ലാസുകൾക്ക് പിന്നാലെ തിരക്കേറിയ റോഡുകളിൽ സീബ്രാലൈൻ ക്രോസിംഗിലൂടെ മറ്റുള്ളവരെ എങ്ങനെ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സഹായിക്കാം, മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും റോഡ് മുറിച്ചുകടക്കാൻ നൽകേണ്ട സഹായങ്ങൾ, ട്രാഫിക് സിഗ്നലുകൾ ശ്രദ്ധിക്കുന്ന രീതി എന്നിവയിൽ ഇൻസ്പെക്ടർ സുരേഷ് വി.എ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ഷാനവാസ്, ജിനു എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം നൽകി. റോഡ് സുരക്ഷ ഒരു ശീലമായി മാറ്റാൻ കുട്ടിക്കാലം മുതലേ ഇത്തരം പരിശീലനങ്ങൾ അത്യന്താപേക്ഷിതമാണ്.









































































