ദൈവത്തോട് ചേർന്ന് ജീവിക്കുന്നവരിലാണ് മനുഷ്യത്വ ഗുണങ്ങൾ വളരുന്നതെന്ന് മാർ ജോൺ നെല്ലിക്കുന്നേൽ

ദൈവത്തോട് ചേർന്ന് ജീവിക്കുന്നവരിലാണ് മനുഷ്യത്വ ഗുണങ്ങൾ വളരുന്നതെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. വി. ഫ്രാൻസിസ് അസീസിയുടെ 800ാം ചരമവാർഷികത്തോടനുബന്ധിച്ച് മാർപാപ്പ പ്രഖ്യാപിച്ച ജൂബിലി വർഷത്തിന്റെ ഭാഗമായി ഇടുക്കി രൂപതയിലെ മാതൃവേദിയുടെ നേതൃത്വത്തിൽ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ തീർത്ഥാടന ദേവാലയത്തിലേക്ക് നടത്തിയ പ്രഥമ തീർത്ഥാടനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻ ഭൗതിക കാര്യങ്ങളോട് താൽപര്യം കാണിക്കുന്ന കാലമാണിത്. അത്തരം സാഹചര്യത്തിൽ മാനുഷിക മൂല്യങ്ങളും മനുഷ്യത്വപരമായ കാഴ്ചപ്പാടുകളും അന്യമാകുന്ന സ്ഥിതിവിശേഷമാണ് നാട്ടിലുള്ളതെന്ന് ദിനംപ്രതി വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നു. അടിസ്ഥാനപരമായി മനുഷ്യനുണ്ടാകേണ്ടത് ദൈവീക ചിന്തകളാണ്. ദൈവ വിചാരത്തോടെ ജീവിക്കുന്ന ആത്മീയ മനുഷ്യർക്ക് മനുഷ്യത്വരഹിതമായി ജീവിക്കാൻ കഴിയില്ല എന്നതാണ് സത്യം. ദൈവത്തോട് ചേർന്ന് ജീവിച്ച പച്ചയായ മനുഷ്യനായിരുന്നു വിശുദ്ധ ഫ്രാൻസിസ് അസീസി എന്ന് അദ്ദേഹം പറഞ്ഞു.
തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോസഫ് തച്ചുകുന്നേൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുസ്വരൂപവും തിരുശേഷിപ്പും വഹിച്ച നടന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിന് അമ്മമാർ അണിനിരന്നു. തീർത്ഥാടനത്തിന്റെ സമാപനത്തിൽ പൂർണ്ണദണ്ഡ വിമോചനത്തിന്റെ ആശീർവാദം അഭി. പിതാവ് നൽകി. 6 ഫൊറോനകളിൽ നിന്നായി എത്തിയ അമ്മമാരാണ് തീർത്ഥാടനത്തിൽ പങ്കുചേർന്നത്. നവംബർ മാസം ഇരുപത്തിയൊന്നാം തീയതി സെന്റ് ഫ്രാൻസിസ് അസീസി തീർത്ഥാടന ദേവാലയത്തിലും ഡിസംബർ അഞ്ചാം തീയതി രാജാക്കാട് ക്രിസ്തുരാജ തീർത്ഥാടന ദേവാലയത്തിലും മാതൃവേദിയുടെ ഫ്രാൻസിസ്കൻ തീർത്ഥാടനം നടക്കും.
മാതൃവേദിയിൽ രൂപത ഡയറക്ടർ ഫാ. മാത്യു അഴകനാക്കുന്നേൽ, ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ, സി. റാണി എസ് എച്ച്, ശ്രീമതി. കൊച്ചുറാണി, മേഖല ശാഖ ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി








































































































































