മാങ്കുളം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ ചിക്കണാംകുടി ഗവ. എൽപി സ്‌കുളിൽ യുപി വിഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു
അടിമാലി; മാങ്കുളം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ ചിക്കണാംകുടി ഗവ. എൽപി സ്‌കുളിൽ യുപി വിഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. 2013ൽ യുപി വിഭാഗത്തിനുള്ള കെട്ടിട നിർമാണം ആരംഭിച്ച് 3 വർഷത്തിനുള്ളിൽ പണികൾ പൂർത്തിയാക്കിയതാണ്. എന്നാൽ തുടർനടപടികൾ ഇപ്പോഴും ചുവപ്പുനാടയിൽ വിശ്രമിക്കുകയാണ്.
ആദിവാസി മേഖലയിൽ നിന്നുള്ള 63 കുട്ടികളാണ് ഇവിടെ പഠനത്തിന് എത്തുന്നത്. 2018ൽ തകർന്ന പെരുമ്പൻകുത്ത്- അൻപതാംമൈൽ റോഡിൻ്റെ നിർമാണം ഇനിയും പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ വിദ്യാവാഹിനി പദ്ധതി പ്രകാരം അനുവദിച്ചു നൽകുന്ന ജീപ്പുകളിൽ ശേവലുകുടി, ചിക്കണാംകുടി, സുങ്കുകുടി, കള്ളക്കുട്ടികുടി, സുബ്രഹ്‌മണ്യൻകുടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ് സ്കൂകൂളിൽ പഠനത്തിന് എത്തുന്നത്.
യാത്രാദുരിതത്തെ തുടർന്ന് പൊതു വിഭാഗത്തിലുള്ള കുട്ടികൾ ഇവിടെ പഠനത്തിന് എത്താതിരിക്കുന്നത് അധികൃതർ ഇനിയും മുഖവിലയ്ക്കെടുത്തിട്ടില്ല. ഇവിടെനിന്ന് നാലാംക്ലാസ് വിജയിക്കുന്ന കുട്ടികൾക്ക് ഉപരി പഠനത്തിന് മാങ്കുളത്തെ എയ്‌ഡഡ് സ്‌കൂൾ, പ്രീ- മെട്രിക് ഹോസ്റ്റലുകളുമായി ബന്ധപ്പെട്ടുള്ള സ്‌കൂളുകൾ എന്നിവിടങ്ങളിൽ എത്തിയാണ് പഠനം നടത്തുന്നത്.ഇത്തരം സാഹചര്യം കണക്കിലെടുത്ത് സ്‌കുളിൽ യുപി വിഭാഗം അനുവദിക്കാൻ പുതിയ അധ്യയന വർഷത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം വീണ്ടും ഉയരുകയാണ്.