പ്രായമായവരുമായി അടുക്കുന്നതിലൂടെ കൃപയ്ക്കുമേൽ കൃപ ലഭിക്കുന്നു: ഫ്രാന്‍സിസ് പാപ്പ
വത്തിക്കാന്‍ സിറ്റി: പ്രായമായവരുമായി അടുക്കുന്നതിലൂടെയും കുടുംബത്തിലും സമൂഹത്തിലും സഭയിലും അവർക്കുള്ള പകരം വയ്ക്കാനാവാത്ത പങ്ക് തിരിച്ചറിയുന്നതിലൂടെയും നമുക്ക് കൃപയ്ക്കുമേൽ കൃപ ലഭിക്കുന്നുവെന്നു ഫ്രാന്‍സിസ് പാപ്പ. ആഗോള വയോജന ദിനത്തിനൊരുക്കമായി പ്രസിദ്ധീകരിച്ച ഫ്രാൻസിസ് പാപ്പയുടെ സന്ദേശത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ദൈവം ഒരിക്കലും തന്റെ മക്കളെ കൈവിടുന്നില്ല എന്ന പ്രത്യാശയുടെ വാക്കുകൾ അടിവരയിട്ടുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം ആരംഭിക്കുന്നത്.നമ്മുടെ ജീവിതത്തിന്റെ ഏതു സാഹചര്യത്തിലും, നമ്മോട് കരുണ കാണിച്ചുകൊണ്ട് നമ്മെ പരിപാലിക്കുന്നത്, ദൈവത്തിന്റെ വിശ്വസ്‌ത സ്നേഹമാണ്. ഈ സ്നേഹം നമ്മുടെ വാർധക്യത്തിൽ പോലും തുടരുന്നു. അതിനാൽ വാർദ്ധക്യം അനുഗ്രഹത്തിന്റെ അടയാളമാണ്. സാമീപ്യത്തിന്റെ ഉറപ്പു ഒരു വശത്തു നിലനിൽക്കുമ്പോൾ തന്നെയും ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം വരുന്നത് മാനുഷികമാണെന്നു പാപ്പ ചൂണ്ടിക്കാട്ടി. വാർധക്യത്തിൽ അനുഭവിക്കുന്ന ഏകാന്തതയുടെ വേദനയും പാപ്പ പങ്കുവച്ചു.അർജന്റീനയിൽ ഇത്തരത്തിൽ വൃദ്ധസദനങ്ങൾ സന്ദർശിച്ച അവസരത്തിൽ, മെത്രാനെന്ന നിലയിൽ തന്നോട് പ്രായമായവര്‍ പങ്കുവച്ച ഒഴിവാക്കലുകളുടെയും, ഒറ്റപ്പെടലുകളുടെയും അനുഭവസാക്ഷ്യങ്ങളും പാപ്പയുടെ സന്ദേശത്തിൽ പ്രമേയമാകുന്നുണ്ട്. ചെറുപ്പക്കാരെ പ്രീതിപ്പെടുത്താൻ പ്രായമായവരെ അവഗണിക്കുകയോ അടിച്ചമർത്തുകയോ ചെയ്യേണ്ടത് ആവശ്യമാണെന്ന മട്ടിൽ പെരുമാറുന്ന രീതി ഒഴിവാക്കപ്പെടേണ്ടതാണെന്നും പാപ്പ പറഞ്ഞു. ബന്ധങ്ങൾ ഊഷ്മളമാകുവാൻ തലമുറകൾ തമ്മിലുള്ള ഐക്യം ഏറെ അത്യന്താപേക്ഷിതമാണ്. അതിനു പരസ്പരമുള്ള സഹകരണം ഊട്ടിയുറപ്പിക്കണമെന്നും പാപ്പ പറഞ്ഞു.തിരസ്കരണത്തിലേക്കും ഏകാന്തതയിലേക്കും നയിക്കുന്ന സ്വാർത്ഥ മനോഭാവവുമായി പൊരുത്തപ്പെടാതെ, ‘ഞാൻ നിങ്ങളെ ഉപേക്ഷിക്കുകയില്ല’ എന്നു പറഞ്ഞുകൊണ്ട് വയോധികരെ ചേർത്തുനിർത്തുന്ന സംസ്കാരം വളർത്തിയെടുക്കുവാനാണ് പാപ്പാ തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. വാർദ്ധക്യത്തിന്റെ മാഹാത്മ്യം സമൂഹത്തിൽ എടുത്തു കാണിക്കുന്നതിനും, വൃദ്ധരായവരെ ആദരിക്കുന്നതിനും 2024 ജൂലൈ മാസം ഇരുപത്തിയെട്ടാം തീയതിയാണ് ആഗോള വയോജനദിനമായി സഭ ആചരിക്കുന്നത്