വേനലിൽ ഏലം കരിഞ്ഞുണങ്ങിയത് 60%.
70% വരെ ഉൽപാദനം കുറയും
ഇടുക്കി ജില്ലയിലെ ഏലം കൃഷിയുടെ 60 ശതമാനവും കടുത്ത വേനലിൽ നശിച്ചെന്ന് കർഷക സംഘടനകളുടെ വിലയിരുത്തൽ. അടുത്ത സീസണിൽ 40 മുതൽ 70 ശതമാനം വരെ ഉൽപ്പാദനക്കുറവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ജൂൺ മാസം മുതൽ ആറുതവണയാണ് ഒരു സീസണിൽ വിളവെടുപ്പ് നടത്താറുള്ളത്. ഇത്തവണ ഒക്‌ടോബർ മാസമാസമെത്തിയാലേ വിളവെടുപ്പ് നടത്താനാകൂ എന്ന സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. പരമാവധി മൂന്നു തവണയിൽ കൂടുതൽ വിളവെടുപ്പ് നടത്താൻ കഴിയില്ലെന്നാണ് കരുതുന്നത്.
ഇത് ഏലം മേഖലയെ ഗുരുതരമായി ബാധിക്കും.
ജില്ലയിൽ സിഎച്ച്ആറിലാണ് പ്രധാനമായി ഏലം കൃഷി ചെയ്യുന്നതെന്നാണ് സ്‌പൈസസ് ബോർഡിന്റെ കണക്കെങ്കിലും പട്ടയ ഭൂമിയിൽ ഉൾപ്പെടെ വൻതോതിൽ ഏലം കൃഷിയുണ്ട്.
ഏകദേശം ഒന്നര ലക്ഷം ഏക്കറിലെങ്കിലും ഏലം കൃഷിയുണ്ടെന്നാണ് കർഷക സംഘടനകളുടെ വിലയിരുത്തൽ. ഇതിന്റെ പകുതിയിലധികവും കൊടും വേനലിൽ നശിച്ചെന്നാണ് കണക്കാക്കുന്നത്.
കൃഷി വകുപ്പിന്റെ ഇതുവരെയുള്ള കണക്കനുസരിച്ച് 16,220.6 ഹെക്ടറിലെ ഏലക്കൃഷിയാണ് നശിച്ചത്.
ഈ കണക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെങ്കിലും കർഷക സംഘടനകൾ വ്യക്തമാക്കുന്ന നിലയിലേക്ക് ഉയർന്നേക്കില്ല. നാമമാത്രമായ സ്ഥലങ്ങളിൽപോലും ഏലക്കൃഷി ചെയ്യുന്ന കർഷകരുടെയൊന്നും കണക്ക് ഇതിൽ ഉൾപ്പെട്ട് വരില്ലെന്നത് ഉൾപ്പെടെയുള്ളവയാണ് ഇതിനു കാരണമായി പറയുന്നത്.
ഹൈറേഞ്ചിൽ ഏലക്കൃഷിയുള്ള എല്ലാ മേഖലകളിലും നാശം സംഭവിച്ചിട്ടുണ്ട്. ഭാഗീകമായുള്ള കൃഷിനാശം കണക്കെടുപ്പിൽ ഉൾപ്പെടാൻ സാധ്യതയില്ലെങ്കിലും അതും ഉൽപ്പാദനത്തെ സ്വാധീനിക്കുന്ന ഘടകമാണെന്ന് കർഷകർ പറയുന്നു. അടുത്ത സീസണിൽ ഏലം ഉൽപ്പാദനത്തിൽ വൻ ഇടിവുണ്ടാകുമെന്നും നിലവിലെ സ്ഥിതി കണക്കിലെടുത്ത് ഇടുക്കിയെ വരൾച്ചാ ബാധിത ജില്ലയായി പ്രഖ്യാപിച്ച് ഏലം കർഷകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും വണ്ടൻമേട് കാർഡമം പ്ലാന്റേഴ്‌സ് ഫെഡറേഷൻ ചെയർമാൻ സ്റ്റെനി പോത്തൻ, വണ്ടൻമേട് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആന്റണി മാത്യു എന്നിവർ ആവശ്യപ്പെട്ടു.
ഭൂരിഭാഗം കൃഷിയിടങ്ങളും നശിച്ചെങ്കിലും ഇപ്പോഴും പല ലേല കമ്പനികളുടെയും ഇ-ലേലത്തിൽ വിൽപ്പനയ്ക്ക് എത്തുന്ന ഏലക്കായുടെ അളവ് 30,000 മുതൽ 70,000 കിലോ വരെയാണ്. റീപൂളിങ് ഉൾപ്പെടെയുള്ളവയും ഇടനിലക്കാരുടെ ചൂഷണവുമാണ് ഇതിനു കാരണമായി കർഷകർ ചൂണ്ടിക്കാട്ടുന്നത്.
പലപ്പോഴും ഗുണമേൻമല കുറഞ്ഞ ഏലക്കാ ലേലത്തിന് എത്തിച്ച് വില കുറച്ച് നിർത്താനുള്ള ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.