ദേശീയ ഡെങ്കിപ്പനി ദിനാചരണം 16 ന്


ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 16 ന് വണ്ടന്‍മേട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.
ദേശീയ ഡെങ്കിപ്പനി ദിനാചരണത്തോടനുബന്ധിച്ച് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ പലസ്ഥലങ്ങളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ മാസം ഇതുവരെ 34 കേസുകള്‍ ഉള്ളതില്‍ ഏഴുപേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 27 പേര്‍ സംശയാസ്പദമായ കേസുകള്‍ ആണ്. ഏപ്രില്‍, മെയ് മാസങ്ങളിലെ കണക്കനുസരിച്ച് തൊടുപുഴ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ‘ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാം ഉറവിടങ്ങള്‍ പരിശോധിക്കുക വൃത്തിയാക്കുക മൂടി വയ്ക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ഡെങ്കിപ്പനി ദിനാചരണ സന്ദേശം.
മഴക്കാലത്ത് ഉണ്ടാകുന്ന പ്രധാന കൊതുക് ജന്യ രോഗമാണ് ഡെങ്കിപ്പനി. വീടിനുള്ളിലും വീടിന്റെ പരിസരത്തുമുള്ള ചെറിയ അളവ് വെള്ളത്തില്‍ പോലും മുട്ടയിട്ട് വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. വെള്ളത്തില്‍ വളര്‍ത്തുന്ന അലങ്കാര ചെടികളുടെ പാത്രങ്ങള്‍, ചെടിച്ചട്ടിയുടെ അടിയിലെ ട്രേ, ഫ്രിഡ്ജിന്റെ പിറക് വശത്തെ ട്രേ, ഇവയൊക്കെ വീടിനുള്ളില്‍ ഈഡിസ് കൊതുക് മുട്ടയിട്ട് വളരുന്ന ഇടങ്ങളാണ്. ഇവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം. വീടിന് പുറത്ത് അലക്ഷ്യമായി ഇട്ടിരിക്കുന്ന ചിരട്ട, കളിപ്പാട്ടങ്ങള്‍,പാത്രങ്ങള്‍ ,കുപ്പികള്‍,ഉപേക്ഷിച്ച ടയറുകള്‍, മൂടിയില്ലാത്ത ടാങ്കുകള്‍, ടാര്‍പോളിന്‍ ഷീറ്റുകള്‍, ഓവുകള്‍ അടഞ്ഞിട്ടുള്ള ടെറസ്, സണ്‍ഷൈയ്ഡ് എന്നിവിടങ്ങളിലൊക്കെ മഴയുള്ളപ്പോള്‍ വെള്ളം കെട്ടിനില്‍ക്കുകയും കൊതുക് മുട്ടയിട്ട് വളരുകയും ചെയ്യും. ഇവ ഹരിത കര്‍മ്മ സേനക്ക് നല്‍കുകയോ, മണ്ണിട്ട് മൂടുകയോ ചെയ്യേണ്ടതാണ്. വെള്ളം ശേഖരിക്കുന്ന എല്ലാ ടാങ്കുകള്‍ക്കും കൊതുക് കടക്കാത്ത വിധമുള്ള മൂടിയുണ്ടെന്ന് ഉറപ്പാക്കണം.
ആള്‍താമസം ഇല്ലാത്ത വീട് ,കാട് മൂടി കിടക്കുന്ന പറമ്പ് എന്നിവിടങ്ങള്‍ കൊതുകിന്റെ ഉറവിടങ്ങളാണ്. ഇവിടങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
പൈനാപ്പിള്‍ പ്ലാന്റേഷനുകള്‍ കൊതുകിന്റെ പ്രധാന ഉറവിടങ്ങളാണ്. റബര്‍ പാല്‍ ശേഖരിക്കാത്ത സമയത്ത് പാല്‍ ശേഖരിക്കുന്ന ചിരട്ട, കപ്പ് എന്നിവ കമഴ്ത്തി വയ്ക്കുകയോ റെയിന്‍ ഗാര്‍ഡ് സ്ഥാപിക്കുകയോ വേണം. തോട്ടങ്ങളില്‍ പണിയെടുക്കുന്നവര്‍ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുകയോ, കൊതുക് കടി ഏല്‍ക്കാത്ത വിധം ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയോ വേണം. കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക ,ശരീരം മുഴുവന്‍ മറക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക ,വിശ്രമിക്കുമ്പോഴും ഉറങ്ങുമ്പോഴും കൊതുകുവല ഉപയോഗിക്കുക, തുടങ്ങിയ വ്യക്തിഗത സുരക്ഷ മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. വാതിലുകളിലും,ജനലുകളിലും കൊതുകുവല ഘടിപ്പിക്കണം.
കൊതുകിന്റെ ഉറവിട നശീകരണത്തിനായി ആഴ്ചയിലൊരി ക്കല്‍ ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ശനിയാഴ്ചകളില്‍ ഓഫീസുകള്‍ ഞായറാഴ്ചകളില്‍ വീടുകള്‍ എന്നിങ്ങനെ കൊതുക് മുട്ടയിട്ട് വളരാന്‍ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുക എന്നതാണ് ഡ്രൈ ഡേ ആചരണത്തിൻ്റെ ലക്ഷ്യം.