51 റോഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 16 ന് തുറന്നു കൊടുക്കും. ഇടുക്കിയില്‍ നാലു റോഡുകള്‍ ഉദ്ഘാടനം ചെയ്യും


സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്തെ നിര്‍മ്മാണം പൂര്‍ത്തിയായ 51 റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (16)വൈകിട്ട് 4.30 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും.
ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ പെരിഞ്ചാംകുട്ടി – എഴുകുംവയല്‍ റോഡ്, തൊടുപുഴ നിയോജക മണ്ഡലത്തില്‍ അര്‍പ്പാമറ്റം – കരിമണ്ണൂര്‍ റോഡ്, കാരിക്കോട് – വെള്ളിയാമറ്റം – പൂമാല റോഡ്, പീരുമേട് നിയോജക മണ്ഡലത്തിലെ കൂട്ടിക്കല്‍-കൊക്കയാര്‍-35-ാം മൈല്‍ റോഡ്, 35-ാം മൈല്‍-തെക്കേമല റോഡുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എഴുംകുംവയല്‍ ജംഗഷ്നില്‍ സംഘടിപ്പിക്കുന്ന ശിലാഫലക അനാച്ഛാദനവും, പ്രാദേശിക യോഗവും എം.എം മണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പീരുമേട് മണ്ഡലത്തില്‍ 35-ാം മൈല്‍ ജംഗ്ഷനില്‍ നടക്കുന്ന പരിപാടിയില്‍ വാഴൂര്‍ സോമന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. തൊടുപുഴ നിയോജക മണ്ഡലത്തിലെ വെള്ളിയാമറ്റത്ത് സംഘടിപ്പിക്കുന്ന യോഗത്തില്‍ പി.ജെ ജോസഫ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യും.
അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീരണാംകുന്നേല്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, പൊതുമരാമത്ത് വകുപ്പ്
ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.