സി.എച്ച്.ആർ.മേഖലയിലെ നിർമാണ നിരോധനം: ഭൂവുടമകൾ ആശങ്കയിൽ
കട്ടപ്പന : ജില്ലയിലെ സി.എച്ച്.ആർ. മേഖലയിലും നിർമാണ നിരോധനം പ്രാബല്യത്തിലായതോടെ ആശങ്കയിലായി ഭൂവുടമകൾ. കാർഡമം ഹിൽ റിസർവിന്റെ പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്താണ് സമ്പൂർണ നിർമാണ നിരോധനമേർപ്പെടുത്തി കഴിഞ്ഞ വർഷം ജൂണിൽ ഉത്തരവിറക്കിയത്. 2020 ജൂൺ 17-നാണ് സി.എച്ച്.ആറിലെ വീട് നിർമാണത്തിനടക്കം നിരോധനമേർപ്പെടുത്തി പ്രിൻസിപ്പൽ സെക്രട്ടറിക്ക് വേണ്ടി അണ്ടർ സെക്രട്ടറി ഉത്തരവിറക്കിയത്. ഉത്തരവിറങ്ങി ഒരു വർഷത്തിന് ശേഷം നിർമാണ നിരോധനം കർശനമാക്കിയതോടെ ഭൂവുടമകളും ആശങ്കയിലായി. സി.എച്ച്.ആർ. ഭൂമിയിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ കെട്ടിടം നിർമിക്കുവാനുള്ള അനുമതി പഞ്ചായത്തുകൾ നിർത്തി െവച്ചിരിക്കുകയാണ്. സാംപിൾ പ്ലോട്ട് സർവേക്കായി വനം വകുപ്പിനെ കയറൂരി വിട്ടതാണ് ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമെന്ന് ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹീംകുട്ടി കല്ലാർ ആരോപിച്ചു.
ഇനി പെർമിറ്റില്ല
ഉടുമ്പൻചോല താലൂക്കിലെ 80 ശതമാനവും സി.എച്ച്.ആർ. മേഖലയാണ്. ഇവിടെ വീട് നിർമാണത്തിനടക്കം പെർമിറ്റ് നൽകുന്നത് പഞ്ചായത്തുകൾ അവസാനിപ്പിച്ചുവെന്നാണ് സൂചന. ജില്ലയിലെ മൂന്നാർ ഭാഗത്തെ എട്ട് വില്ലേജുകൾക്ക് പുറമേ കുത്തപ്പാട്ട ഭൂമിയിലും, ഏലപ്പട്ടയം നൽകിയിരിക്കുന്ന ഭൂമിയിലും നിർമാണ നിരോധനം പ്രാബ്യല്യത്തിൽ വന്നതോടെ വായ്പയെടുത്ത് വീട് നിർമാണം തുടങ്ങിയവരടക്കം പ്രതിസന്ധിയിലായിരിക്കുകയാണ്.
വനം വകുപ്പിനെതിരേ നടപടി വേണം -ഹൈറേഞ്ച് സംരക്ഷണ സമിതി
തൊടുപുഴ : സി.എച്ച്.ആർ. മേഖലയിൽ സാമ്പിൾ പ്ലോട്ട് സർവേ നടത്തി വനമാണെന്ന അവകാശ വാദം ഉന്നയിക്കുന്ന വനം വകുപ്പിന്റെ റിപ്പോർട്ട് അബദ്ധമാണെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി. ഇതിനെതിരേ സർക്കാർ തലത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
ഇപ്പോൾ പരസ്യമായി സർവേ നടത്തിയത് ഗൂഢലക്ഷ്യങ്ങളോടെയാണ്. ജനവാസ മേഖലകളിൽ ആനത്താരകൾ സൃഷ്ടിക്കാനും പെരുകുന്ന വന്യജീവികളെ ഉപയോഗിച്ച് കുടിയിറക്ക് നടത്താനും വനം വകുപ്പ് ലക്ഷ്യമിടുന്നു.
കൈവശ ഭൂമിയിലേക്കുള്ള അനധികൃത കടന്നുകയറ്റം അവസാനിപ്പിച്ചില്ലെങ്കിൽ തീവ്രമായ സമരങ്ങളിലേക്ക് നീങ്ങുമെന്ന് സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, രക്ഷാധികാരികളായ ആർ.മണിക്കുട്ടൻ, സി.കെ.മോഹനൻ, മൗലവി മുഹമ്മദ് റഫീഖ് എന്നിവർ അറിയിച്ചു.