‘നല്ലതിനെ തെരഞ്ഞെടുക്കണം, നമുക്കും ഭാവി തലമുറയ്ക്കും പ്രധാനമാണ് വോട്ട്’; ടോവിനോ
ചലച്ചിത്ര താരം ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ എത്തി വോട്ടു രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറാണ് ടോവിനോ.
എല്ലാവരും കൃത്യമായി വോട്ടവകാശം വിനിയോഗിക്കണമെന്നും, അവകാശമെന്നതിനുപരി വേട്ടിങ് എല്ലാ പൗരന്മാരുടെയും കടമയാണെന്ന് വോട്ടു ചെയ്ത് പുറത്തിറങ്ങിയ ടോവിനോ പറഞ്ഞു. സമ്മതിദാനാവകാശം ഉപയോഗിക്കാത്ത ആളുകൾക്ക് എങ്ങനെ ഒരു അഭിപ്രായം പറയാൻ സാധിക്കും. ഏകാധിപത്യം ഉണ്ടാകാതിരിക്കാൻ വോട്ടിങ്ങിന്റെ ശക്തി പ്രയോഗിക്കണം, ടോവിനോ കൂട്ടിച്ചേർത്തു.
അതേസയം മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നടൻ ആസിഫ് അലി പ്രതികരിച്ചു.
സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ ഉദ്ദേശിക്കുന്നില്ല. ജനത്തിന് നല്ലത് വരുന്ന, ജനാധിപത്യത്തിന് നല്ലത് വരുന്ന വിജയമാണ് പ്രതീക്ഷിക്കുന്നത്.
എല്ലാവരും വോട്ട് ചെയ്യണമെന്നും ചൂട് കാരണം ആരും വോട്ട് ചെയ്യാതെ ഇരിക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു. കുമ്പംകല്ല് ബി ടി എം എൽ പി സ്കൂളിലെ 118 ആം നമ്പർ ബൂത്തിലെത്തിയാണ് ആസിഫ് അലി
വോട്ട് രേഖപ്പെടുത്തിയത്. സഹോദരൻ അഷ്‌കർ അലിയും ഒപ്പം ഉണ്ടായിരുന്നു.
ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും അതത് മണ്ഡലത്തിലെത്തി മലയാള സിനിമാ താരങ്ങൾ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഫാസിൽ, ലാൽ ജോസ്, ഫഹദ് ഫാസിൽ, തോമസ്, ഇന്ദ്രൻസ്, ശ്രീനിവാസൻ, അന്നാ രാജൻ, അഹാന കൃഷ്ണ, തുടങ്ങിയവർ വോട്ട് രേഖപ്പെടുത്താനെത്തി.