വ്യാപാരമേഖലയിലെ കോവിഡ് നിയന്ത്രണങ്ങള്‍ തിരുത്തണം; ആറിന് വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ട് ഉപവാസ സമരം


കട്ടപ്പന: കോവിഡ് നിയന്ത്രണങ്ങള്‍ വ്യാപാരമേഖലയ്ക്ക് മാത്രം എന്ന തെറ്റായ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ആറിന് രാവിലെ പത്ത് മുതല്‍ അഞ്ചുവരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്നവ ഉള്‍പ്പെടെയുള്ള മുഴുവന്‍ കടകളും അടച്ചിട്ട് ഉപവാസ സമരം നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് എല്ലാ കടകളും എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം. സംസ്ഥാന നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ നേതൃത്വം അതാത് ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലും യൂണിറ്റ് ഭാരവാഹികള്‍ അതാത് യൂണിറ്റുകളിലെ പ്രധാന കേന്ദ്രങ്ങളിലും രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ ഉപവാസ സമരം നടത്തും. ഇതിന്റെ ഭാഗമായി അന്നേ ദിവസം ഇടുക്കി ജില്ലയില്‍ കലക്ടറേറ്റിന് മുന്നിലും മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ട് എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും സമരം നടത്തും. ടി.പി.ആര്‍ അടിസ്ഥാനത്തില്‍ കാറ്റഗറി തിരിച്ച് വ്യാപാരസ്ഥാപനങ്ങള്‍ അടക്കണമെന്ന അശാസ്ത്രീയമായ നടപടി ഒഴിവാക്കുകയും കേരളത്തിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയും ചെയ്യുക, സാധാരണ വ്യാപാരികള്‍ക്ക് കോവിഡിന്റെ പേരില്‍ കൂച്ചുവിലങ്ങിട്ട് ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് മുതലായ ഓണ്‍ലൈന്‍ കുത്തക കമ്പനികള്‍ക്ക് യാതൊരുവിധ മാനദണ്ഡവും പാലിക്കാതെ യഥേഷ്ടം എന്തുല്‍പ്പന്നങ്ങളും കച്ചവടം നടത്താമെന്ന സ്ഥിതിവിശേഷം നിയന്ത്രിക്കുക, ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഇരുന്നു ഭക്ഷണം കഴിക്കുന്നതിന് അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആറിന് രാവിലെ കലക്ടറേറ്റിന് മുന്നിലും ജില്ലയിലെ എല്ലാ യൂണിറ്റുകളിലും മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും പൂര്‍ണമായും അടച്ചിട്ട് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഉപവാസ സമരം നടത്തുമെന്നും സമരത്തില്‍ അധികൃതരുടെ ഭാഗത്തു നിന്നും അനുകൂലമായ സമീപനം ഉണ്ടാകുന്നില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ.എന്‍. ദിവാകരന്‍, ജനറല്‍ സെക്രട്ടറി കെ. പി. ഹസന്‍, ട്രഷറര്‍ സണ്ണി പൈമ്പിള്ളില്‍ എന്നിവര്‍ അറിയിച്ചു.