ആഗോള പ്രതിരോധ ചെലവ് കുതിച്ചുയർന്നു, നാലാം സ്ഥാനത്ത് തുടർന്ന് ഇന്ത്യ; കരുതിക്കൂട്ടി നീങ്ങി ചൈന
ലോകത്തെ പ്രതിരോധ മേഖലയിൽ ദശാബ്ദത്തിലെ ഏറ്റവും ഉയർന്ന പണം ചെലവഴിക്കൽ രേഖപ്പെടുത്തിയ വർഷമായി 2023. ലോക രാജ്യങ്ങൾ 2443 ബില്യൺ ഡോളറാണ് കഴിഞ്ഞ വർഷം മാത്രം പ്രതിരോധ മേഖലയിൽ ചെലവാക്കിയത്. സ്റ്റോക്ഹോം അന്താരാഷ്ട്ര പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം 2023 ൽ ആഗോള പ്രതിരോധ ചെലവിൽ 6.8% വളർച്ചയാണ് രേഖപ്പെടുത്തി. അമേരിക്കയ്ക്കും ചൈനയ്ക്കും റഷ്യക്കും പുറകിൽ പട്ടികയിൽ നാലാം സ്ഥാനത്ത് ഇന്ത്യയാണ്.
തുടർച്ചയായ 29ാമത്തെ വർഷവും ചൈനയിൽ പ്രതിരോധ ചെലവ് കുത്തനെ ഉയർന്നതായാണ് ഇവിടുത്തെ സൈനിക ബജറ്റ് വ്യക്തമാക്കുന്നത്. ഇതാകട്ടെ ഇന്ത്യ ചെലവഴിക്കുന്ന തുകയുടെ നാല് മടങ്ങ് അധികവുമാണ്. തായ്‌വാനിൽ അമേരിക്കൻ പിന്തുണയോടെയുള്ള ആഭ്യന്തര പ്രശ്നങ്ങളും ദക്ഷിണ-പൂർവ മേഖലകളിൽ കടലിൽ നേരിടുന്ന വെല്ലുവിളികളും ഒക്കെയുണ്ടെങ്കിലും ഇന്ത്യയുമായുള്ള 3488 കിലോമീറ്റർ അതിർത്തിയിൽ മല്ലയുദ്ധത്തിൽ കേന്ദ്രീകരിച്ചിരിക്കുകയാണ് ചൈന.
എന്നാൽ ഇന്ത്യയുടെ 1.4 ദശലക്ഷം വരുന്ന സായുധ സേനയ്ക്ക് ചെലവാക്കുന്ന തുകയിൽ ഭൂരിഭാഗവും പെൻഷനും ശമ്പളവുമാണ്. സൈനിക ശേഷി വളർത്തുന്നതിനുള്ള ദീർഘകാല പദ്ധതികൾ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കുറവാണ്. അതേസമയം ചൈനയാകട്ടെ, കര-വ്യോമ-നാവിക സേനകളുടെ കരുത്തും ആണവ-ബഹിരാകാശ-സൈബർ സംവിധാനങ്ങളുടെ ശേഷിയും വികസിപ്പിച്ച് പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.
പ്രതിരോധ മേഖലയിൽ കൂടുതൽ പണം ചെലവാക്കിയ 10 രാജ്യങ്ങൾ ഇവയാണ് – അമേരിക്ക (916 ബില്യൺ ഡോളർ), ചൈന (296 ബില്യൺ ഡോളർ), റഷ്യ (109 ബില്യൺ ഡോളർ), ഇന്ത്യ (84 ബില്യൺ ഡോളർ), സൗദി അറേബ്യ (76 ബില്യൺ ഡോളർ), യുകെ (75 ബില്യൺ ഡോളർ), ജർമ്മനി (67 ബില്യൺ ഡോളർ), യുക്രൈൻ (65 ബില്യൺ ഡോളർ), ഫ്രാൻസ് (61 ബില്യൺ ഡോളർ), ജപ്പാൻ (50 ബില്യൺ ഡോളർ). പട്ടികയിൽ 30ാം സ്ഥാനത്തുള്ള പാക്കിസ്ഥാൻ കഴിഞ്ഞ വർഷം പ്രതിരോധ മേഖലയിൽ ചെലവാക്കിയത് 8.5 ബില്യൺ ഡോളർ മാത്രമാണ്.
അതേസമയം ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ 2024-25 കാലത്തേക്ക് നീക്കിവച്ച് 6.2 ലക്ഷം കോടി രൂപയിൽ 28% മാത്രമാണ് ആധുനികവത്കരണത്തിന് വേണ്ടി നീക്കിവച്ചത്. 1.4 ലക്ഷം കോടി രൂപ 32 ലക്ഷം വരുന്ന വിമുക്ത ഭടന്മാർക്ക് പെൻഷൻ നൽകാനാണ് ചെലവഴിക്കുന്നത്. ചൈനയുടെയും പാക്കിസ്ഥാൻ്റെയും ഭാഗത്ത് നിന്ന് വെല്ലുവിളികൾ ഉയരുമ്പോഴും സൈന്യത്തിന് മതിയായ സംവിധാനങ്ങളൊരുക്കാൻ ഇന്ത്യ ബജറ്റിൽ നീക്കിവെക്കുന്ന തുക പര്യാപ്തമല്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.