നെടുംകണ്ടത്ത് ജപ്തി നടപടിക്കിടെയിലെ ആത്മഹത്യ ശ്രമം. പൊള്ളലേറ്റ വീട്ടമ്മയുടെ നില അതീവ ഗുരുതരം. പരിക്കേറ്റ വനിത പോലീസ് ഉദ്യോഗസ്ഥയെ എറണാകുളത്തേക്ക് മാറ്റി
നെടുംകണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. പരിക്കേറ്റ ആശാരിക്കണ്ടം സ്വദേശി ആനിക്കുന്നേൽ ഷീബ ദിലീപ് (58) നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ എസ് ഐ ക്കും വനിത പോലീസിനും പൊള്ളലേറ്റു. ഗ്രേഡ് എസ് ഐ ബിനോയി, വനിത സിവിൽ ഓഫീസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്. ഉച്ചയോടെയാണ് കോടതി വിധിയെ തുടർന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാർ പോലീസിന്റെ സാന്നിധ്യത്തിൽ ഷീബയുടെ വീട്ടിൽ ജപ്തി നടപടിക്കെത്തിയത്. ഇതിനിടെയാണ് ഷീബ കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പോലിസ് ഉദ്യോഗസ്ഥർക്കും പൊള്ളൽ ഏൽക്കുകയായിരുന്നു. തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റ ഷീബയെ കോട്ടയം മെഡിക്കൽ കോളേജിലേക്കും വനിതാ പോലീസ് ഉദ്യോഗസ്ഥ അമ്പിളിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രയിലേക്കും മാറ്റി. പോലീസ് ഉദ്യോഗസ്ഥക്ക് മുപ്പത് ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. എഎസ്ഐയുടെ പരിക്ക് സാരമുള്ളതല്ല.