വി.പി ജോൺ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു
കട്ടപ്പന: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ വി.പി ജോണിനെ എതിരില്ലാതെ തിരഞ്ഞെടുത്തു.മുന്നണി ധാരണപ്രകാരമുള്ള കാലാവധി പൂർത്തിയാക്കി എം.ടി മനോജ് രാജി വച്ചതിനെ തുടർന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്.എൽഡിഎഫ് ധാരണപ്രകാരം 19മാസം കേരള കോൺഗ്രസ് എമ്മിനും പിന്നീടുള്ള പത്തൊൻപതര മാസം സിപിഐയ്ക്കും അവസാന 20 മാസം സിപിഐഎമ്മിനുമാണ് പ്രസിഡന്റ് പദവി.വളകോട് ഡിവിഷനിലെ സി പി ഐ പ്രതിനിധിയായിരുന്ന എം.ടി മനോജ് പ്രസിഡന്റ് കാലാവധി പൂർത്തിയാക്കി തൽസ്ഥാനം രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്.തിരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസ്സ് വിട്ടു നിന്നതിനാൽ ഉപ്പുതറ ഡിവിഷനിൽ നിന്നുള്ള വിപി ജോൺ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കി കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിനെ ഇടുക്കിയിലെ മികച്ച പഞ്ചായത്തായി മറ്റുകയാണ് ലക്ഷ്യമെന്ന് വി ജോൺ പറഞ്ഞു.എൽഡിഎഫ് 9, യുഡിഎഫ് 4 എന്നിങ്ങനെയാണ് ബ്ലോക്ക് പഞ്ചായത്തിലെ കക്ഷിനില.തിരഞ്ഞെടുപ്പിൽ ഇടുക്കി എൽആർ ഡെപ്യൂട്ടി കളക്ടർ കെ മനോജ് വരണാധികാരിയായി.വൈസ്. പ്രസി. കുസുമം സതീഷ്,സെക്രട്ടറി ഇൻ ചാർജ് സജി തോമസ്,ഭരണകക്ഷി അംഗങ്ങൾ തുടങ്ങിയവർ തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തു.