റോഡ് നന്നാക്കാത്തതിനാൽ ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരും വോട്ട് തേടി വരേണ്ടെന്ന് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് കട്ടപ്പന കൊങ്ങിണിപ്പടവ് നിവാസികൾ
കട്ടപ്പന നഗരസഭയിലെ മൂന്ന്, നാല് വാർഡുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന കൊങ്ങിണിപ്പടവ്-തൂങ്കുഴിപടി-ട്രാൻസ്‌ഫോമർ പടി റോഡ് നന്നാക്കാത്തതിന് എതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. എംഎൽഎയോടും ഇരു വാർഡുകളിലെ കൗൺസിലർമാരോടും പലതവണ ആവശ്യപ്പെട്ടിട്ടും റോഡ് നന്നാക്കാൻ നടപടി ഉണ്ടായിട്ടില്ലെന്നും റോഡിലെ കുഴികൾ അടയ്ക്കാനുള്ള തുകപോലും അനുവദിക്കാത്ത മെമ്പർമാരും ഒരു രാഷ്ട്രീയ പാർട്ടി അംഗങ്ങളും വോട്ട് ചോദിച്ചു വരേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് നാട്ടുകാർ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
ഏകദേശം രണ്ടുകിലോമീറ്ററോളം ദൂരമുള്ള റോഡിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഒട്ടേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ റോഡിന്റെ ഒന്നര കിലോമീറ്റർ ദൂരമാണ് മുൻപ് ടാർ ചെയ്തിട്ടുള്ളത്. അവശേഷിക്കുന്ന ഭാഗം ഇപ്പോഴും മൺപാതയായി കിടക്കുകയാണ്. ടാർ ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞതിനാൽ അവിടമെല്ലാം പൊളിച്ച് മെറ്റൽ ഇളകിക്കിടക്കുകയാണ്. റോഡ് നന്നാക്കണമെന്ന് എംഎൽഎ അടക്കമുള്ളവരോട് പലതവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് തിരഞ്ഞെടുപ്പ് സമയത്ത് പ്രതിഷേധ സൂചകമായി ഫ്‌ളക്‌സ് ബോർഡ് സ്ഥാപിക്കാൻ നാട്ടുകാർ നിർബന്ധിതരായത്. പ്രദേശത്തെ നാൽപതോളം കുട്ടികൾക്ക് പോകാനായി സ്‌കൂൾ ബസ് ഉൾപ്പെടെ ഇതുവഴി എത്തുന്നതാണ്. റോഡ് നന്നാക്കിയില്ലെങ്കിൽ അടുത്ത അധ്യായനവർഷം മുതൽ ബസുകൾ വരാത്ത സ്ഥിതിയാകും. യാത്രാദുരിതം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി കട്ടപ്പന കൊങ്ങിണിപ്പട വിലെ നാട്ടുകാർ രംഗത്തുവന്നിരിക്കുന്നത്.