തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ അപ്പീൽ തള്ളണമെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ


തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന്റെ അപ്പീൽ തള്ളണമെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ. കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലിനെതിരെയാണ് സർക്കാർ സത്യവാങമൂലം നൽകിയിരിക്കുന്നത്. സത്യവാങ്മൂലം സമർപ്പിക്കാത്തതിനെതിരെ സംസ്ഥാന സർക്കാരിനെ സുപ്രിംകോടതി വിമർശിച്ചിരുന്നു.
പ്രതിയെ സഹായിക്കാനായി സർക്കാർ ശ്രമിക്കുന്നുണ്ടോയെന്ന് സുപ്രിംകോടതി ചോദിച്ചിരുന്നു. തൊണ്ടിമുതൽ കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. പ്രതികൾ സമർപ്പിച്ചിരിക്കുന്ന ഹർജി വസ്തുതകളായി യോജിക്കുന്നതല്ലയെന്നും ഹർജി തള്ളണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. തൊണ്ടിമുതൽ കേസിൽ അന്വേഷണം വസ്തുതപരായുള്ളതാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.
തിരുവനന്തപുരം ജെഎഫ്എംസി -രണ്ടിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആന്റൻണി രാജുവും, തൊണ്ടി ക്ലർക്കായ ജോസും ചേർന്ന് രൂപം മാറ്റം വരുത്തിയെന്നായിരുന്നു കേസ്. ലഹരിമരുന്ന് കേസിൽ പ്രതിയായ വിദേശിയെ രക്ഷിച്ചെടുക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം നെടുമങ്ങാട് കോടതിയിൽ നിന്ന് മാറ്റിയെന്നതാണ് കേസ്. ആൻറണി രാജു, ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരെ പ്രതികളാക്കി 1994 ലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.