ഇളവിനു പിന്നാലെ തിരക്കിന്റെ പിടിയിലായി തൊടുപുഴ,കട്ടപ്പന നഗരം


ലോക്ഡൗൺ ഇളവ് കൂടുതൽ ലഭിക്കുന്ന ദിവസം തിരക്കിന്റെ പിടിയിലായി തൊടുപുഴ,കട്ടപ്പന നഗരം. സർക്കാർ ഓഫിസുകൾ , ബാങ്കുകൾ, തുടങ്ങി എല്ലാത്തരം വ്യാപാര ശാലകളും തുറക്കുന്ന ദിവസം എത്തുന്നത് നൂറുകണക്കിനു ജനങ്ങളാണ്. വിവിധ റൂട്ടുകളിൽ അത്യാവശ്യം സർവീസ് നടത്തുന്ന ബസുകളിലും സ്വന്തം വാഹനങ്ങളിലും ഓട്ടോറിക്ഷകളിലും എത്തുന്നവരുടെ എണ്ണവും കൂടുകയാണ്
ഒന്നര മാസത്തെ ലോക് ഡൗൺ നിയന്ത്രണങ്ങളിൽ അയവു വന്നതിന്റെ ആശ്വാസത്തിലാണ് പലരും. പൊലീസിന്റെ പരിശോധന ഇല്ലാതെ നഗരത്തിലേക്ക് എത്തിയതിന്റെ ആഹ്ലാദം പലരും പരസ്പരം പങ്കു വയ്ക്കുന്നുണ്ട്. അതേസമയം, കോവിഡ് രോഗികളുടെ എണ്ണം ജില്ലയിലും നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും ആശ്വാസത്തിനു വക നൽകുന്നതല്ലെന്ന് അധികൃതർ ഓർമപ്പെടുത്തുന്നു.
സാമൂഹിക അകലം പാലിക്കാതെയും ശരിയായി മാസ്ക് ധരിക്കാതെയും ആളുകൾ കൂട്ടം കൂടുന്നത് കോവിഡ് വ്യാപനത്തിനു ഇടയാക്കുമെന്നാണ് ആശങ്ക. ഇന്നലെയും നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗത തിരക്കും കുരുക്കും ഏറെയായിരുന്നു.