രണ്ടു മാസം പ്രായമുള്ള കുട്ടിയെ മുതൽ 98 വയസ്സുകാരിയെ വരെ ജീവിത്തതിലേക്ക് തിരികെ കൊണ്ടുവന്നു: ഇടുക്കി മാതൃക


തൊണ്ണൂറ്റൊൻപത് ശതമാനം അത്മാർഥതയും അർപ്പണ ബോധവും പരിശ്രമവുമാണു പുറത്തെടുക്കുന്നത്. കൂട്ടത്തിൽ ഒരു ശതമാനം കഴിവും കൂടിയാകുമ്പോൾ വിജയം നമുക്ക് എത്തിപ്പിടിക്കാം’ ഒട്ടേറെ പരിമിതികൾക്ക് നടുവിൽ പരാതികൾ ഏറെയില്ലാതെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊറോണ വൈറസിനെ കൈകാര്യം ചെയ്തത് എങ്ങനെയെന്ന ചോദ്യത്തിന് നോഡൽ ഓഫിസർ ഡോ.വി.വി. ദീപേഷിന്റെ മറുപടി ഇതാണ്.
മഹത്വവൽക്കരിക്കാവുന്ന കാര്യങ്ങളല്ല ചെയ്യുന്നതെന്ന് ഇദ്ദേഹം പറയുമ്പോഴും മഹത്വപൂർണമാവുകയാണ് കോവിഡ് കാലത്ത് ഈ ഡോക്ടറുടെ സേവനം. മുരിക്കാശേരിക്കു സമീപം പതിനാറാംകണ്ടം എന്ന ഗ്രാമത്തിൽ ജനിച്ച് അവിടത്തെ ഗവൺമെന്റ് സ്കൂളിലും മുരിക്കാശ്ശേരി പാവനാത്മ കോളജിലും പഠിച്ചു തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസും എംഡിയും കരസ്ഥമാക്കിയ ഡോ.വി.വി. ദീപേഷിന്റെ ജീവിതം എന്നും പരിമിതികൾക്കു നടുവിലായിരുന്നു.
അതുകൊണ്ടാവാം ഇല്ലായ്മകൾ മാത്രമുള്ള ഇടുക്കി മെഡിക്കൽ കോളജിന് കോവിഡ് പ്രതിരോധ ചികിത്സാ രംഗത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിഞ്ഞതും. സംസ്ഥാനത്തെ മറ്റു മെഡിക്കൽ കോളജുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ സൗകര്യങ്ങളും ജീവനക്കാരും എല്ലാം പേരിനു മാത്രമാണ്. ഹൈറേഞ്ചിലെ ഏക കോവിഡ് ആശുപത്രി എന്ന നിലയിൽ അതിതീവ്രമായ രണ്ടാം തരംഗത്തിലും പിടിച്ചു നിൽക്കാൻ കഴിഞ്ഞത് സഹ പ്രവർത്തകനും ആർഎംഒയുമായ ഡോ.അരുണിന്റെ ആത്മാർഥമായ സഹകരണവും സേവനവും കൊണ്ടു മാത്രമാണെന്ന് ഡോ. ദീപേഷ് പറയുന്നു.
ആശുപത്രിയിലെ മുഴുവൻ ഡോക്ടർമാരും ജീവനക്കാരും അധിക ജോലി ചെയ്ത് ഒപ്പം നിന്നപ്പോൾ വിജയം വഴിക്കു വന്നെന്നാണ് ഈ ഡോക്ടർമാരുടെ പക്ഷം. കോവിഡ് മൂന്നാം തരംഗത്തിനു മുൻപ് മികച്ച ടീം വർക്കിലൂടെ ആരോഗ്യ രംഗത്ത് പുതിയ തുടക്കമിടാൻ ഒരുങ്ങുകയാണ് ഇടുക്കിക്കാരുടെ സ്വന്തം ഡോക്ടർ.
ലോ റേഞ്ചിലെ കോവിഡ് പോരാളി
ലോ റേഞ്ചിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരു വർഷത്തിലേറെയായി നേതൃത്വം നൽകിയിരുന്നത് ഡോക്ടർ കെ.സി.ചാക്കോ കോവിഡ് കാലത്ത് ഇതുവരെ എടുത്തത് ആകെ 5 അവധികൾ. 2020 മാർച്ച് മുതൽ ഇതുവരെ വിശ്രമമില്ലാതെ പ്രവർത്തിച്ച ഡോ.ചാക്കോ കണ്ണൂരിലെ വീട്ടിൽ പോയി അമ്മയെ കാണാനാണ് അവധിയെടുത്തത്. ഞായറാഴ്ച ദിവസങ്ങളിലും ജോലി നോക്കി.
കോവിഡിന്റെ ആദ്യ 3 ഘട്ടങ്ങളിലും ലോറേഞ്ചിലെ നേതൃസ്ഥാനത്ത് ഡോ. ചാക്കോ തന്നെയായിരുന്നു. ലോക്ഡൗണിൽ ആരോഗ്യവകുപ്പിന്റെ പരിശോധനയടക്കമുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് വിദേശത്തുനിന്ന് എത്തുന്നവർ അടക്കമുള്ളവർക്കായി ആരംഭിച്ച കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ സാരഥ്യം ഏറ്റെടുത്തു. മുട്ടം, പുറപ്പുഴ ഹെൽത്ത് ബ്ലോക്കിന്റെയും തൊടുപുഴ മുനിസിപ്പാലിറ്റിയുടെയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ചാക്കോ ഡോക്ടറായിരുന്നു.
ഉത്രം റസിഡൻസിയിൽ സിഎഫ്എൽടിസിക്ക് തുടക്കമിട്ടതും ഇദ്ദേഹമാണ്. പിന്നീട് മുട്ടം സെന്ററിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇവിടെ 1580 പേരെയാണ് ഈ കാലയളവിൽ സുഖപ്പെടുത്തി അയച്ചത്. മുട്ടം കമ്യുണിറ്റി ഹെൽത്ത് സെന്ററിലെ സിവിൽ സർജനാണ്. അറക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. അനിലയാണ് ഭാര്യ.