ഡ്രൈവിംങിനിടെ ബ്ളൂടൂത്ത് വഴി സംസാരിച്ചാലും ഇനിമുതല്‍ പണിയാകും


തിരുവനനന്തപുരം:
ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു ഫോണില്‍ സംസാരിച്ചാലും ലൈസന്‍സ് റദ്ദാക്കും. ഫോണ്‍ ഉപയോഗം മൂലമുള്ള വാഹന അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ട്രാഫിക് പൊലീസ് ഇനി മുതല്‍ നടപടികള്‍ കടുപ്പിക്കാനൊരുങ്ങുന്നത്. നേരത്തേ, വാഹനമോടിക്കുന്നതിനിടെ ഫോണ്‍ ചെവിയോടു ചേര്‍ത്തു സംസാരിച്ചാല്‍ മാത്രമേ നടപടിയുണ്ടായിരുന്നുള്ളൂ.
തെളിവു സഹിതം ആര്‍ടിഒയ്ക്കു റിപ്പോര്‍ട്ട് ചെയ്യാനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യിക്കാനും നിര്‍ദേശമുണ്ട്. ബ്ലൂട്ടൂത്ത് വഴി മൊബൈല്‍ ഫോണ്‍ കണക്ട് ചെയ്ത് വാഹനമോടിച്ചുകൊണ്ട് സംസാരിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന് കേസെടുക്കാന്‍ മോട്ടര്‍ വാഹന നിയമ ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. നിയമം നടപ്പാക്കുന്ന കാര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള സംസാരം ഒഴിവാക്കണമെന്നു ഉദ്യോഗസ്ഥര്‍ പറയുന്നു.
നേരത്തേ, വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിനും ഗ്ലാസുകളില്‍ കൂളിങ് ഫിലിം പതിക്കുന്നതിനുമെതിരെയുള്ള നടപടി കര്‍ശനമാക്കാനും മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. ജൂണ്‍ എട്ടിന് പുറപ്പെടുവിച്ച ഉത്തരവില്‍ വാഹനങ്ങളുടെ ഇന്‍ഡിക്കേറ്റര്‍, ഹെഡ് ലൈറ്റ് എന്നിവ ശരിയായ രീതിയില്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരേയും നിയമ നടപടിയെടുക്കണമെന്ന് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പറയുന്നു.