വി ഡി സതീശന്‍ 150 കോടി കോഴ വാങ്ങിയെന്ന ആരോപണം; ഹർജിയില്‍ ശനിയാഴ്ച വിധി പറയും
തിരുവനന്തപുരം: സില്‍വർ ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന് ആരോപിച്ചുളള ഹർജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ശനിയാഴ്ച വിധി പറയും. കേസ് ഇന്ന് പരിഗണിച്ചെങ്കിലും കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഹർജിക്കാരനായ എ എച്ച് ഹഫീസിനായില്ല.
നിയമസഭാ പ്രസംഗത്തിലായിരുന്നു സതീശനെതിരായ പി വി അന്‍വറിന്‍റെ ആരോപണം. നിയമസഭാ പ്രസംഗത്തിന് സഭയുടെ പ്രിവിലേജ് ഉള്ളതിനാൽ കേസെടുക്കാൻ ബുദ്ധിമുട്ടാണെന്ന് നിയമോപദേശം ലഭിച്ചതായി വിജിലൻസും കോടതിയെ അറിയിച്ചു. എന്നാൽ കേസെടുക്കുന്നതിന് അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കുന്ന നിയമസഭാ സെക്രട്ടറിയേറ്റിന്റെ കത്ത് ഹർജിക്കാരൻ കോടതിക്ക് കൈമാറി. ഈ കത്ത് പരിഗണിച്ച് അന്വേഷണം ആരംഭിക്കണമെന്നും വാദിച്ചു. തെളിവില്ലാതെ ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്നും എന്ത് തെളിവാണ് കൈവശമുളളതെന്നും കഴിഞ്ഞ തവണ കേസ് പരിഗണിച്ചോള്‍ കോടതി ഹർജിക്കാരനോട് ചോദിച്ചിരുന്നു.