‘വർത്തമാനം മാത്രം പോരാ, പ്രവൃത്തിയും വേണമല്ലോ’; റിയാസ് മൗലവി കേസില്‍ കുഞ്ഞാലിക്കുട്ടി


മലപ്പുറം: റിയാസ് മൗലവി വധക്കേസിൽ അശ്രദ്ധയുണ്ടായിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കതിരെ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തെങ്ങിൽ നിന്നും വീണു പരിക്കൊന്നും പറ്റിയില്ല, പക്ഷേ തല പോയെന്നു പറഞ്ഞതു പോലെയാണ് റിയാസ് വധകേസിലെ മുഖ്യമന്ത്രിയുടെ വാദമെന്ന് കുഞ്ഞാലിക്കുട്ടി വിമർശിച്ചു. കേസ് നടത്തി, പക്ഷേ പ്രതികൾ രക്ഷപെട്ടു പോയി. വർത്തമാനം മാത്രം പോരാ, പ്രവൃത്തിയും വേണമല്ലോ എന്നും അദ്ദേഹം പ്രതികരിച്ചു.
‘കേസിലെ പ്രതികൾ ഈസി ആയി ഊരിപ്പോയി. എന്നിട്ട് കേസ് നല്ല പോലെ നടത്തി എന്നത് വിചിത്ര വാദമാണ്. ഒരുപാട് കേസിൽ ഇങ്ങനെ സംഭവിച്ചു. റിയാസ് മൗലവി വധത്തിൽ പ്രതികളെ രക്ഷപ്പെടുത്തിയതല്ല എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഈ കേസിൽ അന്വേഷണവും പ്രോസിക്യൂഷനും മര്യാദക്ക് നടന്നില്ല. യുഎപിഎ ചുമത്തുന്നതിനു എതിരായി യുഡിഎഫ് പറഞ്ഞിട്ടുണ്ട്. അത് നയപരമായ കാര്യമാണ്. പക്ഷേ എത്ര കേസുകളിൽ സർക്കാർ യുഎപിഎ ചുമത്തി. എന്തുകൊണ്ടാണ് ഇതിൽ യുഎപിഎ ഒഴിവായത്’- കുഞ്ഞാലിക്കുട്ടി പറഞ്ഞു
സിഎഎ വിഷയം യുഡിഎഫ് ഭരണത്തിൽ വന്നാലും നടപ്പാക്കില്ല. സർക്കാരിന്റെ ന്യൂനപക്ഷ സ്നേഹം പറച്ചിലിൽ മാത്രം, പ്രവൃത്തിയിലില്ല. ന്യുനപക്ഷ സംരക്ഷണം വാക്കുകളിൽ ഒതുങ്ങുന്നു എന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. മുസ്‌ലിം ലീഗിനെ പ്രശംസിച്ചുള്ള ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയോടും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുസ്‌ലിം ലീഗ് മതേതര പാർട്ടിയാണെന്ന വസ്തുത എല്ലാവർക്കും പറയേണ്ടി വരും. ലീഗ് അവശ ജനവിഭാഗങ്ങളോടൊപ്പം, ന്യുനപക്ഷങ്ങൾക്കു വേണ്ടി നിൽക്കുന്ന പാർട്ടിയാണെന്നത് ലോകം അംഗീകരിച്ച കാര്യമാണ്. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഇന്നേവരെ മതേതര നിലപാട് മാത്രമേ ലീഗ് സ്വീകരിച്ചിട്ടുള്ളു. ബാബ്‌റി മസ്ജിദ് സംഭവത്തിൽ ശിഹാബ് തങ്ങൾ എടുത്ത നിലപാട് മാത്രം പോരേ. എല്ലാ കാലത്തും ലീഗിന്റെ സർട്ടിഫിക്കറ്റ് അതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.