ആശമാരുടെ രാപ്പകൽ സമര യാത്ര വിജയിപ്പിക്കുക


കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ആതുര സേവന രംഗത്ത് വിലമതിക്കാൻ കഴിയാത്ത സേവനങ്ങൾ നൽകിവരുന്ന ആശാവർക്കേഴ്സ്, അതിജീവനത്തിന് വേണ്ടി സെക്രട്ടറിയേറ്റ് പടിക്കൽ ആരംഭിച്ച സമരം കഴിഞ്ഞ മൂന്നരമാസമായി തുടർന്ന് വരികയാണ്. പകലന്തിയോളം പണിയെടുക്കുന്ന ആശമാരുടെ ശമ്പളം 232 എന്നത് വളരെ തുച്ഛമാണെന്നും അത് 700 രൂപ ആക്കി വർദ്ധിപ്പിക്കണമെന്നുളള മുഖ്യ ആവശ്യവും, മറ്റു ചില ആനുകൂല്യങ്ങളും ആവശ്യപ്പെട്ടുകൊണ്ടാണ് സമരം ആരംഭിച്ചത്. ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ ഇന്നത്തെ ജീവിത സാഹചര്യവുമായി ബന്ധപ്പെട്ട് വളരെ ന്യായമായ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് ആശമാർ സമരം ചെയ്യുന്നതെന്ന് പിണറായി വിജയന്റെ കുഴലൂത്തുകാരല്ലാത്ത കേരളത്തിലെ മുഴുവൻ ജനതയും ഐക്യകണ്ഠേന അംഗീകരിച്ച യാഥാർത്ഥ്യമാണ്. സമരക്കാരുമായി ചർച്ച ചെയ്ത് സമരം ഒത്തുതീർക്കേണ്ടതിനു പകരം, സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയും കേന്ദ്രത്തെ പഴിചാരിയും സമരത്തെ അവഹേളിക്കുക, സമര നേത്യത്വത്തെ അധിക്ഷേപിക്കുക, ആശമാരെ ഭീഷണിപ്പെടുത്തുക എന്നീ നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സമരം ചെയ്തു പോയി എന്നതുകൊണ്ട് സർക്കാർ പ്രതികാര ബുദ്ധിയോടെ പെരുമാറുന്നത് ധിക്കാരമാണ്. സർക്കാർ വാർഷികാഘോഷത്തിന് 100 കോടി ധൂർത്തടിക്കുകയും പിഎസി ചെയർമാനും, അംഗങ്ങൾക്കും വാരിക്കോരി ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുമ്പോൾ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് പാവപ്പെട്ട ആശമാരെ അവഗണിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണ്. സർക്കാർ പിടിവാശി തുടരുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കുകയല്ലാതെ മറ്റ് പോംവഴിയൊന്നും സമരക്കാരുടെ മുന്നിലില്ല. ഈ സാഹചര്യത്തിലാണ് ആശമാരും അവരുടെ കുടുംബാംഗങ്ങളും കേരളത്തിന്റെ തെരുവുകളെ സമരകേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ട് ‘രാപ്പകൽ സമരയാത്ര’ മെയ് അഞ്ചിന് കാസർഗോഡ് നിന്നും ആരംഭിച്ചത്. സമര യാത്ര മെയ് 29,30, 31 തിയതികളിൽ ഇടുക്കി ജില്ലയിലൂടെ കടന്നുപോവുകയാണ്. മെയ് 29ന് വണ്ണപ്പുറം, കരിമണ്ണൂർ,മുട്ടം, തൊടുപുഴ. 30ന് അടിമാലി, കഞ്ഞിക്കുഴി, ചെറുതോണി, കട്ടപ്പന. 31 ന് പുറ്റടി, അണക്കര, കുമളി, വണ്ടിപ്പെരിയാർ, ഏലപ്പാറ എന്നീ കേന്ദ്രങ്ങളിലാണ് സമരയാത്ര എത്തിച്ചേരുന്നത്. ഓരോ കേന്ദ്രങ്ങളിലും സ്വീകരണങ്ങൾ നൽകുന്നതിനും ഓരോ ദിവസത്തെയും അവസാന സ്വീകരണ കേന്ദ്രങ്ങളിൽ അന്തിയുറങ്ങുന്നതിനു വേണ്ട സഹായസഹകരണങ്ങൾ യുഡിഎഫ് പ്രാദേശിക നേത്യത്വം നൽകുന്നതാണ്. മുഖ്യമന്ത്രിയുടെ ധാർഷ്യത്തിനും ഇടതുപക്ഷത്തിന്റെ അഹങ്കാരത്തിനും അറുതി വരുത്തുവാൻ ഈ സഹനസമരം വിജയിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
വിശ്വസ്തതയോടെ,
ജോയി വെട്ടിക്കുഴി ചെയർമാൻ പ്രൊഫ.എം ജെ ജേക്കബ് കൺവീനർ.