ജനവാസ മേഖലയില്‍ കാട്ടുപോത്തിനെ കണ്ടത് ഭീതി പരത്തി
ഉപ്പുതറ: പൊന്നരത്താന്‍ പരപ്പില്‍ കാട്ടുപോത്തിനെ കണ്ടത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇവിടെ കാട്ടുപോത്തിനെ കണ്ടത്. പരപ്പ് പഴയപാറേല്‍ പള്ളിക്കു സമീപം താമസിക്കുന്ന വീട്ടുകാരാണ് പുലര്‍ച്ചെ രണ്ടരയോടെ മുറ്റത്ത് കാട്ടുപോത്തിനെ കണ്ടത്. വീടിനു പുറത്ത് വൈദ്യുതി വെളിച്ചമിട്ടതോടെ കാട്ടുപോത്ത് പിന്‍ ഭാഗത്തുകൂടി അടുത്ത വീടിനു സമീപത്തേക്ക് നടന്നു പോയി. ഫോണിലൂടെ വിവരമറിഞ്ഞ അയല്‍ വീട്ടുകാരും ഇതുവഴി നടന്നു പോയ കാട്ടുപോത്തിനെ കണ്ടു. ആരും പുറത്തിറങ്ങാനോ, ബഹളം വയ്ക്കാനോ തയ്യാറായില്ല. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മുരിക്കാട്ടുകൂടി സെക്ഷനില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും കാടു പോത്തിനെ കണ്ടെത്താനായില്ല. കാട്ടുപോത്തിന്റെ കാല്‍പാടുകള്‍ക്ക് സമാനമായ കാല്‍ പാദമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. നാലു കിലോമീറ്റര്‍ അകലെ കാഞ്ചിയാര്‍ പഞ്ചായത്തിലെ വെള്ളിലാംകണ്ടത്ത്
തിങ്കളാഴ്ച രാവിലെ ജനവാസ മേഖലയില്‍ കാട്ടുപോത്തിനെ കണ്ടിരുന്നു. ചെകുത്താന്‍ മലയിലെ ഏലക്കാട്ടില്‍ ഒളിച്ച ഇതേ കാട്ടുപോത്താണോ പരപ്പിലും എത്തിയതെന്ന സംശയം നാട്ടുകാര്‍ക്കുണ്ട്. എന്നാല്‍ ഇതു സ്ഥിരീകരിക്കാന്‍ വനം ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. വിവരം നാട്ടില്‍ പരന്നതോടെ
എല്ലാവരും പരിഭ്രാന്തരാണ്. സെക്ഷന്‍ ഫോറസ്റ്റര്‍ സുരേഷ് ദാസ്, ബീറ്റ് ഫോറസ്റ്റര്‍മാരായ ബി. സുരേഷ്, പി.ജി. അനീഷ്, വാച്ചര്‍ അജി മാധവന്‍ എന്നിവരാണ് സ്ഥലത്തു വന്നു തിരച്ചിലിന് നേതൃത്വം നല്‍കിയത്.